പെരിന്തല്‍മണ്ണ (മലപ്പുറം) : വീട്ടിലെ പഴയ ബൈക്കിന്റെ എന്‍ജിന്‍, ഒപ്പം 7500 രൂപയുടെ കുറച്ച് വസ്തുക്കള്‍… ഇത്രയും കൊണ്ട് എല്ലാ ആധുനിക സംവിധാനമുള്ള ഉഗ്രനൊരു നാലുചക്ര വാഹനം നിര്‍മിച്ചിരിക്കുകയാണ് മലപ്പുറത്തൊരു പതിനെട്ടുകാരന്‍. അതും നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യക്കു തുല്യമായത്.
അങ്ങാടിപ്പുറത്തെ അധ്യാപക ദമ്പതികളായ കൊടശേരി സെയ്തലവിയെുടെയും റജീനയുടെയും മകന്‍ മുഹമ്മദ് ഷിബിനാണു 20 ദിവസം കൊണ്ട് തന്റെ സ്വപ്‌നം പൂര്‍ത്തിയാക്കിയത്. 99 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ച ഷിബിന്‍ കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനു ചേരാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ ഇടവേളയിലാണു വാഹനം നിര്‍മിച്ചത്.
വീട്ടിലെ പഴയ ബൈക്കിന്റെ എന്‍ജിന്‍ ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമില്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നുവാങ്ങി. ബൈക്കിന്റെ വയറിങ്ങില്‍ രൂപമാറ്റം വരുത്തിയാണു സ്വപ്നവാഹനത്തില്‍ ചേര്‍ത്തത്. വാഹനത്തിന്റെ മുന്‍ചക്രങ്ങള്‍ സ്‌കൂട്ടറിന്റെയും പിന്‍ചക്രങ്ങള്‍ ഓട്ടോറിക്ഷയുടേതുമാണ്. വെല്‍ഡിങ് ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാല്‍ ചെലവ് 7500 രൂപയില്‍ ഒതുങ്ങി.
ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹനം പെട്രോളിലാണു പ്രവര്‍ത്തിക്കുക. 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. നാലു ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ സംഭരണ ശേഷി. ഒന്നര ലിറ്ററാകുന്നതോടെ റിസര്‍വിലെത്തും. പെട്രോള്‍ തീര്‍ന്നാല്‍ വഴിയിലാവില്ല, ഇലക്ട്രിക് മോട്ടോറില്‍ തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ഓടും.
ഷോക്ക് അബ്സോര്‍ബര്‍ ഉള്‍പ്പെടെ നിരത്തിലോടുന്ന കാറുകളിലെ എല്ലാ സംവിധാനവും ഷിബിന്റെ വാഹനത്തിനുണ്ട്. സ്റ്റിയറിങിന് ഓട്ടോമാറ്റിക് റിട്ടേണ്‍ സംവിധാനം. ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ വാഹനം റിവേഴ്സ് എടുക്കാനും കഴിയും. കോമ്പി ബ്രേക്ക്, എബിഎസ്, ഹൈബ്രിഡ് മോട്ടോറില്‍ സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുളള ലക്ഷ്യം.

നേരത്തെ ഹൈഡ്രോളിക് എസ്‌കവേറ്റര്‍, ഇലക്ട്രിക് എന്‍ജിന്‍, ഹവര്‍ ബോര്‍ഡ്, ഇലക്ട്രിക് സൈക്കിള്‍ എന്നിവ നിര്‍മിച്ച ഷിബിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു വാഹനം ഉണ്ടാക്കുകയെന്നത്. ഇനി ഒരു ഫുള്‍ വേര്‍ഷന്‍ കാര്‍ നിര്‍മിക്കുകയാണു ലക്ഷ്യമെന്നു ഷിബിന്‍ പറഞ്ഞു.
”നേരത്തെ ഇലക്ട്രിക് സൈക്കിള്‍ ഉണ്ടാക്കിയപ്പോള്‍ വല്യുപ്പ തമാശ രൂപേണെ ഇനിയൊരു കാറുണ്ടാക്കിക്കൂടെ എന്നു ചോദിച്ചിരുന്നു. സ്‌പോര്‍ട്‌സ് കാറിനു സമാനമായ ഒന്ന് ഉണ്ടാക്കുകയൊയിരുന്നു ലക്ഷ്യം,”ഷിബിന്‍ മുഹമ്മദ് പറഞ്ഞു. സഹോദരന്‍ മുഹമ്മദ് സിജിലാണു വാഹനിര്‍മാണത്തില്‍ ഷിബിന്റെ സഹായി.