കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി.
ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. സ്വത്ത് കണ്ടുകെട്ടിയ വിവരം ഇ ഡി ട്വിറ്ററില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അന്നത്തെ അഴീക്കോട് എം എല്‍ എയായ ഷാജി സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
അനധികൃത പണ ഇടപാട് സംബന്ധിച്ച് 2020 ഏപ്രിലില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.
Also Read: ‘ദിലീപിന്റെ ജാമ്യം റദ്ദാക്കണം’; നിര്‍ണായക ആവശ്യവുമായി ക്രൈം ബ്രാഞ്ച്
കൈക്കൂലി വാങ്ങിയ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരിലുള്ള വീടിന്റെ നിര്‍മാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ഇഡി വ്യക്തമാക്കി.
കേസ് അന്വേഷണത്തിനിടെ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ കുന്നിലെ വീട്ടിലും ഷാജിയുടെ കണ്ണൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അരക്കോടി രൂപ കണ്ടെത്തുകയുമുണ്ടായി. എന്നാല്‍ വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പലരില്‍നിന്നും ശേഖരിച്ചതാണെന്നാണ് കെ എം ഷാജി അന്ന് പറഞ്ഞത്. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും ഇതിനു രേഖയുണ്ടെന്നും ഷാജി അവകാശപ്പെട്ടിരുന്നു.
കോഴിക്കോട്ടെ വീടിന്റെ നിര്‍മാണത്തില്‍ നിയമലംഘനം നടന്നതായി കോഴിക്കോട് കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂവായിരം ചതുരശ്ര അടി നിര്‍മാണത്തിനാണ് കോര്‍പറേഷന്‍ അനുമതി നല്‍കിയത്. എന്നാല്‍ വീട് 5600 ചതുരശ്ര അടിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് പിഴ ഈടാക്കാനുള്ള നടപടികളുമായി കോര്‍പറേഷന്‍ മുന്നോട്ടുപോകുകയുണ്ടായി.