കൊച്ചി: കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ഗുരുതരമായി പൊളളലേറ്റ യുവാവും മരിച്ചു. പ്രണയനൈരാശ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.
കാക്കനാട് അത്താണി സ്വദേശി ദേവിക (17) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാക്കനാട് കലക്ടറേറ്റിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പറവൂർ സ്വദേശി മിഥുനാണ് തീ കൊളുത്തിയത്. പെൺകുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊളളലേറ്റ മിഥുൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.
Read More: കൊല്ലത്ത് പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു
ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അതിനുശേഷം സ്വയം തീകൊളുത്തി. ദേഹത്ത് പെട്രോൾ ഒഴിച്ചുകൊണ്ടായിരുന്നു മിഥുൻ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. യുവാവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു.