തൃശൂർ: സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ പ്ലസ്ടുക്കാരുടെ മർദ്ദനം. ഗുരുവായൂർ മാണിക്കത്തുപടി തൈക്കണ്ടിപറമ്പിൽ ഫിറോസിന്റെ മകൻ ഫയാസി (17)ന് ആണ് മർദ്ദനമേറ്റത്. ചാവക്കാട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയാണ് ഫയാസ്.
ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് ഫയാസ് മുതുവട്ടൂർ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് സീനിയർ വിദ്യാർത്ഥികൾ എത്തി മർദിച്ചത്. ഫയാസ് ഷൂ ധരിച്ചു എത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച പ്ലസ് ടൂ വിദ്യാർത്ഥികളുമായി തർക്കം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം എന്നാണ് വിവരം.
മർദ്ദനത്തിൽ മുഖത്തും വാരിയെല്ലിനും പരുക്കേറ്റ ഫയാസിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ഡിസ്കിനു തകരാർ സംഭവിച്ചു വർഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്. അതിന്റെ ചികിത്സ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പി.ടി.എ പ്രസിഡന്റ് പറഞ്ഞു. ഫയാസിന്റെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും റാഗിങ്ങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാവുകയെന്ന് പൊലീസ് അറിയിച്ചു.
Also Read: മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്; രണ്ടു ഷട്ടറുകൾ അടച്ചു