തിരുവനന്തപുരം: പത്താം ക്ലാസ് കണക്കു പരീക്ഷയ്ക്കു പിന്നാലെ പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയും വിവാദത്തിൽ. മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ അതേപ്പടി ആവർത്തിച്ചു. 43 മാർക്കിന്റെ ചോദ്യങ്ങളാണ് ആവർത്തിച്ചത്. ഇതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇടതു അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് മോഡൽ പരീക്ഷയ്ക്കുളള ചോദ്യങ്ങൾ തയാറാക്കിയത്.

ആകെ 60 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 43 മാർക്കിന്റെ ചോദ്യങ്ങളും മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിനോട് സാമ്യമുളളതും ചിലത് അതേ ചോദ്യങ്ങളുമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇതിൽതന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡൽ പരീക്ഷയിലെ ചോദ്യം അതേപടി പകർത്തിയിരിക്കുകയാണ്. കഴിഞ്ഞ 21നായിരുന്നു പരീക്ഷ നടന്നത്.

സമാന ചോദ്യപേപ്പർ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടർന്ന് എസ്എസ്എൽസി കണക്കുപരീക്ഷ റദ്ദാക്കിയിരുന്നു. ഈമാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡൽ ചോദ്യപേപ്പറുമായി, എസ്എസ്എൽസി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയർന്നത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്എസ്എൽസി കണക്കു ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. ഇത്തവണത്തെ കണക്കു പരീക്ഷ കുട്ടികൾക്കു ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്നാണ് ചോദ്യപേപ്പർ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ