തിരുവനന്തപുരം: പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന വിവാദം ഗുരുതരമല്ലെന്ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട്. മോഡൽ പരീക്ഷയിൽ ഉണ്ടായിരുന്ന 43 മാർക്കിന്റെ ചോദ്യങ്ങൾ ആവർത്തിച്ചു എന്നായിരുന്നു ആരോപണം ഉണ്ടായത്. എന്നാൽ 11 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമാണ് ആവർത്തിച്ചതെന്നും ഇത് യാദൃശ്ചികം മാത്രമാണെന്നും ഹയർ സെക്കൻഡറി ഡയറക്ടർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ചോദ്യങ്ങൾ എടുത്തത് ഔദ്യോഗിക സെറ്റിൽ നിന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ പുന:പരിശോധനയുടെ ആവശ്യമില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹയർസെക്കൻഡറി ഡയറക്ടർ തയാറാക്കിയ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.

പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണത്തെപ്പറ്റി ഹയർ സെക്കന്ററി ഡയറക്ടറോട് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉത്തരവിട്ടിരുന്നു. സംഭവത്തെപ്പറ്റി ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിദ്യാഭ്യാസ മന്ത്രിയാണ് നിർദ്ദേശിച്ചത്.

പത്താം ക്ലാസ് കണക്കു പരീക്ഷയ്ക്കു പിന്നാലെയാണ് പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയും വിവാദത്തിലായത്. മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ അതേപ്പടി ആവർത്തിച്ചു. 43 മാർക്കിന്റെ ചോദ്യങ്ങളാണ് ആവർത്തിച്ചത്. ഇതാണ് വിവാദത്തിലായത്. ഇടതു അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് മോഡൽ പരീക്ഷയ്ക്കുളള ചോദ്യങ്ങൾ തയാറാക്കിയത്.

ആകെ 60 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 43 മാർക്കിന്റെ ചോദ്യങ്ങളും മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിനോട് സാമ്യമുളളതും ചിലത് അതേ ചോദ്യങ്ങളുമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇതിൽതന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡൽ പരീക്ഷയിലെ ചോദ്യം അതേപടി പകർത്തിയിരിക്കുകയാണ്. കഴിഞ്ഞ 21നായിരുന്നു പരീക്ഷ നടന്നത്.

സമാന ചോദ്യപേപ്പർ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെത്തുടർന്ന് എസ്എസ്എൽസി കണക്കുപരീക്ഷ റദ്ദാക്കിയിരുന്നു. ഈമാസം 30ന് വീണ്ടും പരീക്ഷ നടത്തുമെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡൽ ചോദ്യപേപ്പറുമായി, എസ്എസ്എൽസി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയർന്നത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്എസ്എൽസി കണക്കു ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. ഇത്തവണത്തെ കണക്കു പരീക്ഷ കുട്ടികൾക്കു ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്നാണ് ചോദ്യപേപ്പർ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.