എറണാകുളം: പ്ലസ് വൺ പ്രവേശനത്തിനുള്ള തീയതി നീട്ടിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഎസ്‌ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നൽകാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കുട്ടികളുടെ കാര്യത്തിൽ പിടിവാശി കാണിക്കരുതെന്നും കോടതി വ്യക്തമാക്കി.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനാലാണ് പ്രവേശനം വൈകാതിരിക്കാൻ സർക്കാർ തീയതി നീട്ടാതിരുന്നത്. എന്നാൽ സിബിഎസ്ഇ വിദ്യാർഥികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

പോയവർഷം മെയ് 21ന് ആണ് സിബിഎസ്ഇ പത്താം ക്ലാസുകാരുടെ ഫലം പ്രഖ്യാപിച്ചത്. മെയ് 28 ന് പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ ഫലവും പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് മൂലം വിദ്യാർഥികൾ ആശങ്കയിൽ ആണ്. മോഡറേഷൻ സംവിധാനം തുടരണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തവ് വന്നതോടെയാണ് ഫല പ്രഖ്യാപനം നീളുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള സമയം ആരംഭിച്ചതിനാൽ പരീക്ഷ ഫലം വരാത്തതിൽ വിദ്യാർഥികൾ വലയുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കാതെ പ്രതിസന്ധിയിൽ നിൽക്കുകയാണ് വിദ്യാർഥികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ