തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് തുടക്കമായി. വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി മണക്കാട് ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നേരിട്ടെത്തി വിദ്യാര്‍ഥികളെ സ്വീകരിക്കുകയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ 23-ാം തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. “പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ആശങ്കപ്പെടേണ്ടതില്ല,” വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
“സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ അധ്യാപനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത് വലിയ തോതില്‍ ഉത്കണ്ഠ അകറ്റാന്‍ സഹായിച്ചു. പല ദിവസങ്ങളിലായി 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ സ്കൂളില്‍ ഹാജരായിട്ടുണ്ട്,” മന്ത്രി അറിയിച്ചു.

അവസാന അലോട്ട്മെന്റിനുശേഷം ഏകദേശം 85000 ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് വൺ സീറ്റ് ലഭിക്കാനുണ്ടായിരുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്തതിന് ശേഷം പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 23-ാം തീയതിയാണ് അടുത്ത അലോട്ട്മെന്റ് വരുന്നത്.