scorecardresearch

പടക്കശാലയില്‍ സ്‌ഫോടനം; ഒരു മരണം, കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്ക്

സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു.

FIRE

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്ക ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സ്‌ഫോടനത്തില്‍ എസ്തർ (7), എൽസ (5), ഇസബെൽ (8), ജാൻസൻ (38), ഫ്രെഡീന (30), കെ.ജെ.മത്തായി (69), നീരജ് (30)  എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് കുട്ടികളുൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണ്.

ജനവാസ കേന്ദ്രത്തിലാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്.വീടിനോട് ചേര്‍ന്നുള്ള നിര്‍മാണ ശാലയിലാണ് സ്‌ഫോടനുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി.

സ്‌ഫോടനത്തില്‍ പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. അപകടകാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് എത്തി. സ്‌ഫോടനത്തില്‍ പ്രദേശത്തുണ്ടായിരുന്ന മരങ്ങളടക്കം കത്തിനശിച്ചു.

പടക്കശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് ജില്ലാ കലക്ടര്‍

സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജ്. പടക്കം നിര്‍മിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പടക്കം വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് കരുതുന്നു. തഹസില്‍ദാറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. വിശദമായി അന്വേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Plosion in fireworks factory