മാധ്യമപ്രവർത്തകർ ദയവായി ബൈറ്റ് ചോദിച്ച് വരരുത്: കെടി ജലീല്‍

മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്നും ജലീൽ

KT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത് താൻ അസുഖബാധിതനായി കിടക്കുകയായതുകൊണ്ടാണെന്ന് രാജിവച്ച മന്ത്രി കെ.ടി ജലീൽ. കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്നും മാധ്യമങ്ങള്‍ പ്രതികരണത്തിനായി സമീപിക്കരുതെന്നും മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്നും ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

‘കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതാം തിയ്യതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ്.ബിയില്‍ കുറിക്കാനേ കഴിയൂ. പലരും വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവര്‍ത്തകരാരും ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോ? സംസാരിക്കുമ്പോള്‍ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ’, ജലീല്‍ അറിയിച്ചു.

ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി ഇത് ഗവർണർക്ക് കൈമാറുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ ജലീല്‍ പറഞ്ഞിരിക്കുന്നത്.

രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജലീൽ അറിയിച്ചത്. എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു.

ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും വഴി ജലീല്‍ സത്യപ്രതിജ്ഞ ലംഘനവും നടത്തിയതായി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉല്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ജലീലിന്റെ സഹോദരന്റെ മകന്‍ കെ.ടി.അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് യോഗ്യതകളില്‍ ഇളവ് നല്‍കിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ കെ.ടി.അദീപ് സ്ഥാനം രാജിവച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Please dont ask for responses kt jaleel

Next Story
രോഗവ്യാപനം രൂക്ഷമായാല്‍ 144 പ്രഖ്യാപിക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com