തിരുവനന്തപുരം: ഹാദിയയുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പേർ കേരള വനിതാ കമ്മീഷന് നിവേദനം സമര്‍പ്പിച്ചു. ഒരു സ്ത്രീയെന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും ഹാദിയയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് നിവേദനത്തില്‍ പറയുന്നു. ജെ.ദേവിക, ജാനകി നായര്‍, മീര വേലായുധന്‍, ടി.പി രാജീവന്‍, ആനന്ദി.എസ്, പദ്മിനി സ്വാമിനാഥന്‍, രേഖാ രാജ്, അനിതാ തമ്പി, ജി. അരുണിമ, എം. മാധവ പ്രസാദ്, കെ.ആര്‍ മീര, ഉമാ ചക്രവര്‍ത്തി, കവിത കൃഷ്ണന്‍, ഉര്‍വശി ഭൂട്ടാലിയ, മൈത്രേയി മുഖോപാധ്യായ്, മീന. ടി. പിള്ള എന്നിവരുൾപ്പെടെ 120ഓളം പേർ ഒപ്പിട്ട നിവേദനമാണ് കേരള വനിതാ കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കലാരംഗത്തു നിന്നുള്ളവര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 120ഓളം ആളുകള്‍ ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഹാദിയയെ കാണാന്‍ വീട്ടിലെത്തിയവര്‍ക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Read More: അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര

കഴിഞ്ഞ ഡിസംബറിലാണ് ഇരുപത്തിനാലുകാരിയായ ഹാദിയ ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. ഓഗസ്റ്റ് മാസം ഒരു മുസ്ലീം വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇരുവരും. വിവാഹത്തിനു രണ്ടു ദിവസത്തിനു ശേഷം ഹാദിയയുടെ അച്ഛന്‍ കെ.എം.അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ബന്ധപ്പെട്ടുകൊണ്ട് കോടതി ഹാദിയയോട് ഹാജരാവാന്‍ ആവശ്യപ്പെടുന്നു. ഹാദിയയുടേത് നിര്‍ബന്ധിത മത പരിവര്‍ത്തനം ആയിരുന്നു എന്നായിരുന്നു രക്ഷിതാക്കള്‍ ഉയര്‍ത്തിയ വാദം.

കോടതിയില്‍ ഹാജരായ ഹാദിയ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നു മൊഴി നല്‍കുന്നു. ഹാദിയയുടെ മതപരിവര്‍ത്തനം ഒരു ആസൂത്രിത പദ്ധതിയാണ് എന്നു കോടതിയില്‍ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഹാദിയയെ സിറിയയിലേക്ക് കടത്തുവാനും ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാക്കുവാനും ശ്രമമുണ്ട് എന്നും പരാതയില്‍ ആരോപിച്ചു. അന്ന് ആ വാദത്തെ കേരളാ പൊലീസ് തള്ളികളഞ്ഞിരുന്നു. പിതാവിന്റെ വാദത്തെ നിഷേധിച്ച ഹാദിയ താന്‍ എങ്ങോട്ടും പോകുന്നില്ലായെന്നും ഒരു ദേശവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നില്ലായെന്നും പറയുകയുണ്ടായി.

Read More: ഹാദിയ കേസ് ഇതുവരെ

ഇതിനു പിന്നാലെ കേരളാ ഹൈക്കോടതി ഹാദിയയെ ഒരു ഹോസ്റ്റലിലേക്ക് അയക്കുന്നു. കോടതി വ്യവഹാരങ്ങള്‍ പതിവുപോലെ നടക്കുമ്പോഴും ഹാദിയയ്ക്ക് മറ്റുള്ളവരെ കാണുന്നതില്‍ വിലക്ക് നേരിടുന്നുണ്ടായിരുന്നു. ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാന് കോടതി നടപടികള്‍ക്കായി മസ്‌കറ്റിലെ ജോലിയുപേക്ഷിക്കേണ്ടി വന്നു.

അതിനിടയില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനു കോടതി നിര്‍ദ്ദേശം വരുന്നു. അന്വേഷണത്തില്‍ ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള ഒരു തെളിവും പോലീസിനു ലഭിച്ചില്ലായെങ്കിലും. ഷഫിന്‍ ‘എസ്ഡി പി ഐ കേരളം’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് എന്നും ഇതിന് പുറമെ ‘തണല്‍’ എന്ന മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പിലും ഷഫിന്‍ അംഗമാണെന്നും ഈ രണ്ട് ഗ്രൂപ്പിലും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മാന്‍സി ബുറാക്കി അംഗമാണ് എന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. ബുറാക്കിയ്ക്ക് ഐസിസിനോടുള്ള ബന്ധം പുറത്തുവന്നയുടനെ തന്നെ ബുറാക്കിയയയെ താന്‍ അഡ്മിനായ ഗ്രൂപ്പില്‍ നിന്നും തണല്‍ എന്ന ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായി ഷഫിന്‍ കോടതിക്ക് വിശദീകരണം നല്‍കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ തനിക്ക് ബുറാക്കിയെ അറിയുകയുള്ളൂ എന്നും തനിക്ക് ബുറാക്കിയുമായി നേരിട്ടുള്ള പരിചയമില്ല എന്നും ഷഫിന്‍ കോടതിയെ ബോധിപ്പിക്കുന്നു.

ഇതിനുപിറകെ ഹാദിയയുടേയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കികൊണ്ട് കേരളാ ഹൈക്കോടതി വിധിപുറപ്പെടുവിക്കുന്നു. ‘ വിവാഹം എന്നത് അഖിലയുടെ (ഹാദിയയുടെ മുന്‍ പേര്) ജീവിതത്തിലെ സുപ്രധാന തീരുമാനം ആണെന്നും അത് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ നടക്കാവൂ” എന്നും കോടതിവിധിയില്‍ പരാമര്‍ശം. രക്ഷിതാക്കള്‍ക്ക് ഹാദിയയെ ഒപ്പം കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി.

കോടതിനിര്‍ദ്ദേശ പ്രകാരം കോട്ടയം പൊലീസിന്റെ കാവലോടെയാണ് അന്നുമുതല്‍ ഹാദിയ വീട്ടില്‍ കഴിയുന്നത്. കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തിയ ഹാദിയ ”ഞാനൊരു ഇരുപത്തിയഞ്ച് വയസ്സുള്ള ഇന്ത്യന്‍ പൗരയാണ്. എന്തിനാണ് കഴിഞ്ഞ അഞ്ചുമാസമായി കോടതി എന്നെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്? എന്റെ വിശ്വാസങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാന്‍ കോടതിഎന്നെ അനുവദിക്കാത്തത് എന്തുകൊണ്ടാണ് ?” എന്നും മെയ് മാസത്തില്‍ മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ചോദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ