കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം ആർ.എസ്.ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഹര്‍ജിയും സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഇന്ത്യയില്‍ ഒരിടത്തും ഇല്ലെന്നും കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ