scorecardresearch
Latest News

വ്യാപാരികളുടെ ദുരിതം ലഘൂകരിക്കാൻ; ലോക്ക്ഡൗൺ ഇളവിൽ കേരളത്തിന്റെ സത്യവാങ്ങ്മൂലം

ഉത്സവ കാലത്തോട് അനുബന്ധിച്ച് വ്യാപാരികൾ ഉൽപന്നങ്ങൾ വിൽപനക്കായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികളുടെ സംഘടന പ്രക്ഷോഭം ആരംഭിച്ചുവെന്നും സർക്കാർ പറഞ്ഞു

Supreme Court

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബക്രീദ് ആഘോഷ സമയത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയത് സംബന്ധിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയതായി റിപ്പോർട്ട്. ഉത്സവ സീസണിലെ വിൽപന കാരണം വ്യാപാരികൾക്ക് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുമെന്നും അത് അവരുടെ ദുരിതത്തെ ലഘൂകരിക്കും എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

ഉത്സവ കാലത്തോട് അനുബന്ധിച്ച് വ്യാപാരികൾ ഉൽപന്നങ്ങൾ വിൽപനക്കായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികളുടെ സംഘടന പ്രക്ഷോഭം ആരംഭിച്ചുവെന്നും സംസ്ഥാന സർക്കാർ കോടതിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ക്ഡൗൺ ഇളവിനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാർ എത്തിയതെന്നും സത്യവാങ്ങ്മൂലത്തിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാവും ലോക്കഡൗൺ ഇളവുകളെന്നും ഒരു കോവിഡ് വാക്സിനെങ്കിലും എടുത്തവർക്ക് മാത്രമാണ് കടകളിൽ പ്രവേശിക്കാനാവുക എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലും ഈ നടപടിയെടുത്തതിൽ വിശദീകരണം നൽകണമെന്നായിരുന്നു കോടതിയുടെ ആവശ്യം.

തിങ്കളാഴ്ച തന്നെ വിശദീകരണം നൽകാനാണ് ജസ്റ്റിസുമാരായ ആർഎഫ് നരിമാനും ബിആർ ഗവായും ഉൾപ്പെട്ട ബഞ്ച് കേരളത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആദ്യ കേസായി ഇത് കോടതി വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പികെഡി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ബക്രീദ് പ്രമാണിച്ച് കടകള്‍ തുറക്കാന്‍ 18 മുതല്‍ 20 വരെയാണ് ലോക്ക്ഡൗണില്‍ സർക്കാർ ഇളവ് നല്‍കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ പോലും ഇന്ന് കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിക്കുന്ന ഹര്‍ജി, മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരികളും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്ന് തീരുമാനമെന്നു വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നതായും പറയുന്നു.

നീണ്ട കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ വിവിധ മത വിഭാഗങ്ങളുടെയും വ്യാപാര സംഘടനകളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്നു വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ ആദ്യം മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രി പിന്നീട് വ്യാപാരി നേതാക്കളെ ഫോണില്‍ വിളിച്ചതോടെ അവര്‍ സമരത്തില്‍നിന്നു പിന്മാറി. തുടര്‍ന്ന് മുഖ്യമന്ത്രിയും വ്യാപാരി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് മൂന്നു ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

Also Read: Coronavirus India Live Updates: രാജ്യത്ത് 38,164 പുതിയ കേസുകള്‍; 4.21 ലക്ഷം പേര്‍ ചികിത്സയില്‍

ഇളവനുസരിച്ച് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും എല്ലാ തരത്തിലുള്ള റിപ്പയര്‍ കടകളും 18 മുതല്‍ 20 വരെ തുറക്കാം.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വിമര്‍ശമുന്നയിച്ചിരുന്നു. തീരുമാനം, ‘ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് അനാവശ്യവും അനുചിതവുമാണ്’ എന്നാണ് ഐഎംഎയുടെ നിലപാട്. ഓണത്തിനും ക്രിസ്മസിനും നിഷേധിച്ച ശേഷം ബക്രീദിന് എന്തുകൊണ്ടാണ് ഇളവ് നല്‍കിയതെന്ന് ബിജെപി ചോദിച്ചു.

അതേസമയം, ബിജെപി സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയില്ല. എന്നാല്‍, കന്‍വര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദിന് ഇളവ് നല്‍കിയതും തെറ്റാണെന്നു പാര്‍ട്ടി ദേശീയ വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Plea in supreme court over keralas lockdown relaxation for bakrid