കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. പുസ്തകത്തിന്റെ പ്രകാശനവും വിതരണവും വിൽപ്പനയും തടയണമെന്നും കോപ്പികൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ആലുവ മൗണ്ട് കാർമൽ കോൺവന്റിലെ കന്യാസ്ത്രീകളായ മരിയ, സാലി പോൾ, സോഫി, ജാൻസിന, മണ്ണാർക്കാട് സ്വദേശി ജോസ് സെബാസ്റ്റ്യൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ആലുവ, മണ്ണാർക്കാട് സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് പരാതി നൽകയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകൾക്കും കത്തോലിക്കാ വിശ്വാസികൾക്കും അങ്ങേയറ്റം അപകീർത്തികരവും കന്യാസ്ത്രീ സമുഹത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.

Also Read: പൊലീസിൽ പരാതി നൽകാം; സിസ്റ്റർ ലൂസിയുടെ ആത്മകഥ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി

കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പുരോഹിതരും ലൈംഗിക അരാജകത്വത്തിൽ ഏർപ്പെട്ട് സദാചാര വിരുദ്ധ ജീവിതം നയിക്കുകയാണെന്ന് പുസ്തകത്തിലുടെ പ്രചരിപ്പിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഡിസംബർ 17നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.

Also Read: ‘മാമാങ്കം’ കഥ സജീവ് പിള്ളയുടേത് തന്നെ; നിർമാതാവിന്റെ വാദം തള്ളി ഹൈക്കോടതി

നേരത്തെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കളമശേരി കോൺവെന്റിലെ സിസ്റ്റർ ലിഷ്യ ജോസഫ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഉള്ളടക്കത്തിൽ ആക്ഷേപമുണ്ടെങ്കിൽ പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കാമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിൽ പരാതി നൽകിയശേഷം ഹൈക്കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.