കൊച്ചി: ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. യാത്രക്കാർ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടി ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പത്തനംതിട്ട അയിരുർ സ്വദേശി റെജി താഴമൺ ആണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.

ചാർട്ടേഡ് വിമാനങ്ങളിൽ രോഗ വ്യാപനത്തിന് കൂടുതൽ സാധ്യത ഉണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. എന്നാൽ
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ നിബന്ധന ഇല്ലന്നും രോഗവ്യാപന സാധ്യത രണ്ടു വിമാനങ്ങളിലും ഒരു പോലെയാണന്നും സംസ്ഥാന സർക്കാരിന്റെ നടപടി ഏകപക്ഷീയമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് സ്ഥിരീകരണ പരിശോധനക്ക് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കൂടുതലാണന്നും ചെലവ് താങ്ങാനാവാത്തവരാണ്
ചാർട്ടേഡ് വിമാനങ്ങളിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്താൽ എത്തുന്നതെന്നും
ഹർജിയിൽ പറയുന്നു.

കോവിഡ് സ്ഥീരീകരണപരിശോധന ഒഴിവാക്കണമെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കും മുൻപ് നടത്തുന്ന
റാപിഡ് ടെസ്റ്റ് മാത്രം നടത്താൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.