കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി ഫ്രാൻസിസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റീസ് പി സോമരാജനാണ് ഹർജി പരിഗണിച്ചത്. സംസ്ഥാന സർക്കാർ, ദക്ഷിണമേഖലാ വിജിലൻസ് ഡിവൈഎസ്‌പി, തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്‌പി എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ .

മുഖ്യമന്ത്രിയുടെ യുഎഇ, അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76102 രൂപ കൈപ്പറ്റിയെന്നുമാണ് ഹർജിയിലെ ആരോപണം. 2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം. ഒരു സ്കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്തി പങ്കെടുത്തത്.

സന്ദർശന ശേഷം യാത്രാക്കൂലി ഇനത്തിൽ 93295 രൂപ ഖജനാവിൽ നിന്നു കൈപ്പറ്റി. ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന് വ്യക്തമല്ലന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു . യുഎഇയിൽ ചെലവേറിയ ഹോട്ടലിലായിരുന്നു താമസം. ആരാണ് പണം മുടക്കിയതെന്നതിനും വ്യക്തതയില്ല.

ഫൊക്കാനാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. 2018 ജൂലൈ 5 മുതൽ 16 വരെയായിരുന്നു സന്ദർശനം. വിമാനയാത്രാക്കൂലിയിനത്തിൽ 3,82807 രൂപ കൈപ്പറ്റിയെന്ന് ഹർജിയിൽ പറയുന്നു. വിമാനയാത്രക്കൂലിക്ക് സംഘടന പണം മുടക്കിയതായി കാണുന്നില്ലന്നും ചെലവിനായി ഒരു ലക്ഷം രൂപ മുഖ്യമന്തി മുൻകൂറായി കരുതിയിരുന്നതായി വിവരമുണ്ടന്നും ഹർജിയിൽ പറയുന്നു .

പൊതു ആവശ്യത്തിനല്ലാതെ നടത്തിയ യാത്രകൾക്ക് സർക്കാർ ഖജനാവിൽ നിന്നു പണം കൈപ്പറ്റുക വഴി മുഖ്യമന്ത്രി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതു കുറ്റകരമായ പെരുമാറ്റ ദൂഷ്യമാണന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി വിജിലൻസിന് ഫെബ്രുവരി 11ന് പരാതി നൽകിയെങ്കിലും നടപടിയില്ലന്നും അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.