കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനയ്ക്കായി ആരംഭിച്ച ബെവ് ക്യു ആപ്പ് രാജയമാണന്നും നിർമാതാക്കളായ
ഫെയർ കോഡ് ടെക്നോളജിയുമായുള്ള കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
കേസിൽ തീർപ്പുകൽപ്പിക്കും വരെ ഫെയർക്കോഡിന്റെ സേവനം തടയണമെന്നും പുതിയ ആപ് വികസിപ്പിക്കുന്നതിന് ദാദാക്കളെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ടീബസ് മാർക്കറ്റിംഗ് കമ്പനിയാണ് കോടതിയെ സമീപിച്ചത്.

ഫെയർ കോഡ് സ്റ്റാർട്ട്അപ്പ് കമ്പനിയല്ല. വിവര സാങ്കേതീക വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചല്ല കമ്പനിയെ തെരഞ്ഞെടുത്തത്. ആവശ്യകതകൾ വിശദീകരിച്ച് വിജ്ഞാപനം ഇറക്കാതെ തിരക്കിട്ടാണ് കമ്പനിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടപടി ക്രമത്തിന്റെ ഭാഗമായുള്ള അഭിമുഖവും സാങ്കേതിക പരിശോധനയും പ്രഹസനമായിരുന്നെന്നും ഹർജിക്കാർ ആരോപിക്കുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷനിലെ യോഗ്യതയില്ലാത്ത കരാർ ജീവനക്കാരനാണ് സാങ്കേതിക പരിശോധന നടത്തിയതെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെരേഖകൾ വിളിച്ചു വരുത്തണമെന്നും സൂം ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

അതേസമയം ബെവ്‌ക്യൂ വെർച്വൽ ക്യൂ ആപ്പിനെതിരെ ബവ്റിജസ് കോർപ്പറേഷൻ തന്നെ രംഗത്തെത്തിയിരുന്നു. വെർച്വൽ ക്യൂ ആപ്പ് വഴി കൂടുതൽ ബുക്കിങ് പോകുന്നത് ബാറുകളിലേക്കാണെന്ന് ബവ്‌കോ ആരോപിച്ചു. ബവ്‌ക്യൂ ആപ്പ് ഇതേരീതിയിൽ തുടർന്നാൽ പല ഔട്ട്‌ലറ്റുകളും പൂട്ടേണ്ടിവരുമെന്നാണ് കോർപ്പറേഷൻ ആരോപിക്കുന്നത്.

ബവ്‌കോ ഔട്ട്‌ലറ്റുകൾ വഴി സാധാരണ നടക്കുന്ന മദ്യവിൽപ്പന വെർച്വൽ ക്യൂ ആപ്പിലൂടെ നടക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ട്‌ലറ്റുകൾക്ക് കിട്ടിയത് 49,000 മാത്രം. ബാക്കിയെല്ലാം ബാറുകൾക്കാണ് ലഭിച്ചതെന്നും ഇത് സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്നതായും ബവ്‌കോ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.