കോഴിക്കോട്: ‘ഇതൊക്കെ നടക്കുന്ന കാര്യമാണോ’ എന്ന് നെഗറ്റീവടിക്കുന്നവര്ക്കു മുമ്പില്‍ മനസുണ്ടെങ്കില്‍ എന്തും നടക്കുമെന്നു ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ട് കോഴിക്കോട്ട്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ വീടിനു പുറത്താക്കി ബോര്‍ഡ് സ്ഥാപിച്ച ശങ്കരന് മൂസത്. 95 ശതമാനം പ്ലാസ്റ്റിക് വിമുക്തമാണു പെരുമണ്ണ കോട്ടായിത്താഴത്തെ പാറമ്മല്‍ ശങ്കരന് മൂസത്- പ്രീതാദേവി ദമ്പതികളുടെ സായിശ്രീ എന്ന വീട്.
പ്ലാസ്റ്റിക്ക് ഒഴിവാക്കിക്കൊണ്ട് ജീവിക്കാന്‍ പറ്റുമോ? അപ്പോള്‍ നിങ്ങളുടെ വീട്ടില്‍ തീരെ പ്ലാസ്റ്റിക്ക് സാന്നിധ്യമില്ലേ…? ഈ ചോദ്യങ്ങളും പരിഹാസവും രണ്ടുവര്‍ഷമായി അമ്പത്തിയാറുകാരനായ ശങ്കരന് മൂസതിനും കുടുംബത്തിനും പുതുമയുള്ളതേ അല്ല. ബേക്കറി പലഹാരങ്ങള്‍, പലചരക്ക് വസ്തുക്കള്‍, പച്ചക്കറി എന്നിവയെല്ലാം പ്ലാസ്റ്റിക് കവര്‍ ഇല്ലാതെയാണു മൂസത് വാങ്ങുന്നത്. മരുന്ന്, പേസ്റ്റ്, ശുചീകരണ സാമഗ്രികള്‍, പഠനോപകരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കളുടെ ഭാഗങ്ങള്‍, പാല്-തൈര് കവര്‍ തുടങ്ങിയ ഒഴിവാക്കാന്‍ പറ്റാത്ത വസ്തുക്കള്‍ വഴി മാത്രമാണു സായിശ്രീയില്‍ പ്ലാസ്റ്റിക് എത്തുന്നത്.
Read Also: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് റെയില്‍വേ
മൂസതിന്റെ വീടിന്റെ അടുക്കളയിലെ അലമാരയിലെ നാലുതട്ട് നിറയെ അടപ്പുള്ള സ്റ്റീല്‍ പാത്രങ്ങളാണ്. ഇവയിലാണു പലവ്യഞ്ജനങ്ങളും ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത്. ഓരോ പാത്രത്തിലും എന്താണെന്ന് എങ്ങനെ തിരിച്ചറിയുമെന്നാണു ചോദ്യമെങ്കില്‍ അതിനൊരു എളുപ്പവിദ്യയുണ്ടെന്നാണു മൂസതിന്റെ ഉത്തരം. പാത്രങ്ങള്‍ ഓരോന്നിനും മുകളില്‍ വ്യത്യസ്ത നമ്പര്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്. ഓരോ നമ്പറും പ്രതിനിധീകരിക്കുന്ന ഉല്‍പ്പന്നം എന്താണെന്നു വ്യക്തമാക്കുന്ന പട്ടിക അടുക്കളവാതിലിനു പിന്നില്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്. ഈ പട്ടിക നോക്കിയാല്‍ സായിശ്രീ വീട്ടിലേക്ക് ആദ്യമായി വരുന്ന ഒരാള്‍ക്കുപോലും ഓരോ ഉല്‍പ്പന്നവും എളുപ്പം കണ്ടുപിടിക്കാം.
ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ചില്ലുപാത്രങ്ങള്‍ കിട്ടുമോയെന്നാണു മൂസത് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ചില്ലുപാത്രങ്ങളുടെ അടപ്പ് പൊതുവെ പ്ലാസ്റ്റിക്കാണെന്നു മനസിലായതോടെ ആ ശ്രമം ഉപേക്ഷിച്ചു. അശ്രദ്ധമായി കൈകാര്യം ചെയ്താല്‍ വീണുടയാനുള്ള സാധ്യത കൂടുതലാണെന്നതും ചില്ലുപാത്രങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കാന്‍ കാരണമായി. സ്റ്റീല്‍ പാത്രങ്ങള്‍ തെരഞ്ഞെടുത്തതിനു പിന്നില്‍ മൂസത് ഒരു ചെറിയ രഹസ്യമൊളിപ്പിച്ചിട്ടുണ്ട്, പുറത്തുനിന്നു വരുന്ന ആളുകള്‍ക്ക് പാത്രത്തിലെ ഉല്‍പ്പന്നങ്ങളുടെ അളവ് മനസിലാവില്ല. ഡൈനിങ് ടേബിളിലും സാധനങ്ങള്‍ സൂക്ഷിക്കുന്നതു സ്റ്റീല്‍ പാത്രങ്ങളിലാണ്.
ശങ്കരന് മൂസത് എങ്ങോട്ടുപോയാലും പാന്റിന്റെ ഇരു കീശയിലും പുതിയ തുണിസഞ്ചികള്‍ കരുതും. ഈ സഞ്ചികളില്‍ മാത്രമേ ഉല്‍പ്പന്നങ്ങള്‍ വാങ്ങൂ. ബേക്കറി ഉല്‍പ്പന്നങ്ങളും പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങുക ഇത്തരം സഞ്ചിയില്‍ തന്നെ. ബേക്കറി ഉല്‍പ്പന്നങ്ങളും മറ്റും വാങ്ങുമ്പോള്‍ കവര്‍ പൊട്ടിച്ച് തുണി സഞ്ചിയിലേക്കു മാറ്റും. കവര്‍ കച്ചവടക്കാര്‍ക്കു തന്നെ തിരിച്ചുനല്‍കും. നേരത്തെ 25 കിലോ വീതം പ്ലാസ്റ്റിക് കവറില്‍ വരുന്ന അരിയാണു വാങ്ങിക്കൊണ്ടിരുന്നത്. പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കാനായി അരി അഞ്ച്-പത്തു കിലോ വീതം തുണി സഞ്ചിയില്‍ വാങ്ങുന്ന രീതിയിലേക്കു മാറി. സാധനങ്ങള്‍ വാങ്ങാന്‍ മക്കളെ കടയിലേക്ക് അയയ്ക്കുമ്പോള്‍ തുണിസഞ്ചി കൊടുത്തുവിടും. തുണിസഞ്ചികള്‍ കോഴിക്കോട് നഗരത്തിലെ മൊത്തവില്‍പ്പന കടയില്‍നിന്ന് ഇടയ്ക്കിടെ കൂടുതലായി വാങ്ങും. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ തുണിക്കടകളുടെ പ്ലാസ്റ്റിക് കവറുകള്‍ സ്വീകരിക്കില്ല.
Read Also: പ്ലാസ്റ്റിക് ‘നാണിച്ച് തല താഴ്ത്തി’; വനിതാ സംരഭക സ്ട്രോ ഉണ്ടാക്കിയത് തെങ്ങോല ഉപയോഗിച്ച്
പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ എന്ന ആശയത്തിലേക്കു രാജ്യം കടക്കാനൊരുങ്ങുമ്പോഴാണ് ഇക്കാര്യത്തില്‍ ശങ്കരന് മൂസതിന്റെയും കുടുംബത്തിന്റെയും മുന്‍കൈ ശ്രദ്ധേയമാകുന്നത്. പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയ്ക്കായി ഗാന്ധിജയന്തി ദിനം മുതല്‍ പുതിയ വിപ്ലവത്തിനു തുടക്കമിടാന്‍ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ദിവസവും 20,000 ടണ്‍ പ്ലാസ്റ്റിക് ഉല്പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 13,000- 14,000 ടണ്‍ പ്ലാസ്റ്റിക് മാത്രമാണു ശേഖരിക്കപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യവിമുക്ത പദ്ധതിയാണു പ്ലാസ്റ്റിക് വിമുക്ത വീടെന്ന ആശയത്തിലേക്കു രണ്ടുവര്‍ഷം മുന്‍പ് മൂസതിനെ എത്തിച്ചത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായിരുന്നു ശങ്കരന് മൂസത്. രണ്ടുമാസം മുന്‍പ് വിരമിച്ചു. ഇതിനുപിന്നാലെ പ്ലാസ്റ്റിക് കൊണ്ടുള്ള കവറുകള്‍, ക്യാരി ബാഗുകള്‍, പാത്രങ്ങള്‍ എന്നിവയില്‍നിന്നു വിമുക്തമെന്ന ചെറിയ ബോര്‍ഡ് വീടിനു മുന്‍ഭാഗത്തെ ചുമരില്‍ സ്ഥാപിച്ചു. തന്റെ സ്വപ്ന പദ്ധതി ആരംഭിക്കുന്ന കാലത്ത് ബന്ധുക്കള്‍ വിരുന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങളും പഴവര്‍ഗങ്ങളുമൊക്കെ പ്ലാസ്റ്റിക് ക്യാരി ബാഗില്‍ കൊണ്ടുവരുമായിരുന്നു. ബോര്‍ഡ് സ്ഥാപിച്ചതോടെ മിക്കവരും ക്യാരിബാഗുകള്‍ കൊണ്ടുവരാതായി. ഒഴിവാക്കാന്‍ പറ്റാത്തവയായി സായിശ്രീയിലെത്തുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചുവച്ച് ആക്രിക്കച്ചവടക്കാര്‍ക്കു കൊടുക്കും.
പ്ലാസ്റ്റിക് വിമുക്ത വീടെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കച്ചവടക്കാര്‍, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരില്‍നിന്നു പരിഹാസ ശരം നേരിടേണ്ടി വന്നതായി ശങ്കരന് മൂസത് പറയുന്നു. ചിലര്‍ക്കു കൗതുകമായിരുന്നു. ഇതൊന്നും വകവയ്ക്കാതെ ഉറച്ചതീരുമാനത്തോടെ മുന്നോട്ടുപോയി. ഇപ്പോള്‍ പ്ലാസ്റ്റിക് വിമുക്ത വീട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കുറവല്ല. ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിയതിനു മൂസതിനെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ആദരിച്ചിരുന്നു.
എല്ലാവരും തങ്ങളെപ്പോലെ പ്ലാസ്റ്റിക് വിമുക്ത വീടെന്ന ആശയത്തിലേക്കു മാറണമെന്നാണ് ആഗ്രഹമെങ്കിലും അതത്ര എളുപ്പമല്ലെന്നാണു സ്വന്തം അനുഭവം മുന്‍നിര്‍ത്തി മൂസത് പറയുന്നത്. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണു മൂസതിന്റെ അഭിപ്രായം. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ നല്കുന്നതു പ്ലാസ്റ്റിക് കവറുകളില്‍നിന്ന് കടലാസ് കവറുകളിലേക്കു മാറാവുന്നതേയുള്ളൂ. കടലാസ് കവറുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിച്ചാല്‍ അവര്‍ക്കൊരു വരുമാനമാര്‍ഗമാവുകയും ചെയ്യുമെന്നും ശങ്കരന് മൂസത് പറയുന്നു.
കുടുംബശ്രീ പ്രവര്‍ത്തകയും പ്രവൃത്തിപരിചയ അധ്യാപികയുമായ പ്രീതാദേവിയാണു ശങ്കരന് മൂസതിന്റെ ഭാര്യ. ചിത്രരചനാ വിദ്യാര്‍ത്ഥി സായ്ശങ്കര്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സായ്കുമാര് എന്നിവരാണു ശങ്കരന് മൂസത്-പ്രീതാദേവി ദമ്പതികളുടെ മക്കള്‍.