കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍. പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരമെന്ന് വ്യാപാരികള്‍ പറഞ്ഞു. ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് നിരോധനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദീന്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്ന ബുധനാഴ്ച മുതല്‍ സമരം നടത്തുമെന്നും വ്യാഴാഴ്ച മുതല്‍ കടയടച്ച് പ്രതിഷേധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. പിഴ ഈടാക്കാനുള്ള തീരുമാനം ശരിയല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.
Read Also: ഞങ്ങളുടെ വിവാഹത്തിന് രജനീകാന്ത് എത്തിയപ്പോള്‍; അപൂര്‍വ ചിത്രം പങ്കുവച്ച് താരം
അതേസമയം, ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനാണ് തീരുമാനം.
300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവിൽ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ വരുത്തുന്നതിനുള്ള ചുമതല. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.