കോവിഡ്: സംസ്ഥാനത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച ജില്ലകളിൽ ഒന്നായ തൃശൂരിൽ നിന്നും ആശ്വാസവാർത്ത. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില പ്ലാസ്മ തെറാപ്പിയിലുടെ മെച്ചപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗിക്ക് പ്ലാസ്മ ചികിത്സ പരീക്ഷിച്ചത് തൃശൂർ മെഡിക്കൽ കോളേജിലാണ്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 51കാരനിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ഡൽഹിയിൽ നിന്നെത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം മുൻപ് കോവിഡ് രോഗം മാറിയ വ്യക്തിയില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി 400 മില്ലി ആന്‍ബോഡി പ്ലാസ്മ ഈ രോഗിക്ക് നല്‍കി.
Read More: കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവ്
പ്ലാസ്മ നല്‍കിയ ശേഷം ഇദ്ദേഹത്തിൻറെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുകയും അപകടനില തരണം ചെയ്യുകയുമായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വെൻറിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. രോഗിയുടെ ആരോഗ്യനിലയില്‍ വന്ന പുരോഗതി വലിയ ആത്മവിശ്വാസമാണ് ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിൻറെയും ഐസിഎംആറിൻറെയും മാര്‍ഗനിര്‍ദേശം അനുസരിച്ച് അതീവഗുരുതാരാവസ്ഥയിലുളള രോഗികളില്‍ പ്ലാസ്മ തെറാപ്പി വീണ്ടും പരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായി കൂടുതൽ രോഗമുക്തർ രംഗത്തെത്തിയാൽ കോവിഡ് ചികിത്സയ്ക്ക് അത് വലിയ നേട്ടമാകും എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
അതേസമയം, വ്യാഴാഴ്ച 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2794 ആയി. നിലവിൽ 1358 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 21 ആയി. 126839 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ സെന്റിനൽ സർവേയ്‌ലൻസിന്റെ ഭാഗമായി 35032 സാമ്പിളുകളും അല്ലാതെ 169035 സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. 3194 പരിശോധന ഫലങ്ങളാണ് ഇനി വരാനുള്ളത്. സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 108 ആയും കുറഞ്ഞു.
കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 1272 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവർ. 279657 പേരാണ് സംസ്ഥാനത്തേക്ക് ഈ കാലയളവിൽ എത്തിയത്. ഇവരിൽ വിദേശത്ത് നിന്നെത്തിയ 669 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 503 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് മാത്രമെത്തിയ 313 പേർക്കാണ് കോവിഡ് വൈറസ് ബാധ കണ്ടെത്തിയത്.