പാലക്കാട് : രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ കാര്യത്തില്‍ ഇനി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്ത. ബില്ല് സംസ്ഥാന നിയമസഭ എതിർപ്പുകളില്ലാതെ പാസാക്കി ആറ് വർഷം കഴിഞ്ഞിട്ടും അത് നേടിരുന്ന ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ മാറി മാറിവന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും ഉറപ്പുകളും സർക്കാർ കാര്യം മുറപോലെ എന്ന നിലയിൽ കടന്നുപോകുന്നു.

plachimada protest, plachimada tribunal bill,
ട്രിബ്യൂണല്‍ ബില്ലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരും സംസ്ഥാന നിയമസഭാ സ്പീക്കറും പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ വൈരുദ്ധ്യമാണ് സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള നിലപാടില്ലായ്മ വ്യക്തമാക്കുന്നത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ട്രിബ്യൂണൽ ബിൽ നിയമസഭ പാസ്സാക്കിയയത്. 2011 ഫെബ്രുവരി 24 ന് നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ബില്ലാണ് ആറ് വർഷം കഴിഞ്ഞിട്ടും ഗതികിട്ടാതെ ചുവപ്പുനാടയിൽ കിടക്കുന്നത്. കഴിഞ്ഞ യു ഡി എഫ് സർക്കാരും യു പി എ സർക്കാരും ഒന്നിച്ചുണ്ടായപ്പോഴും ഈ ബില്ല് നടപ്പാക്കാൻ സാധ്യമായില്ല. ഇത്തവണ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽ​ഡി​എഫ് ഈ​ബില്ല് വീണ്ടും നടപ്പാക്കാനുളള നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾക്കനുകൂലമല്ല ഇപ്പോഴത്തെ കാര്യങ്ങളെന്നാണ് സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്.
പതിനാലാം നിയമസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായി 2017 ഫെബ്രുവരി 23ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും സ്പീക്കര്‍ വ്യക്തമാക്കി.
ജലവിഭവവകുപ്പും നിയമവകുപ്പുമാണ് ട്രിബ്യൂണല്‍ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട വകുപ്പുകള്‍. ഈ വകുപ്പുകള്‍ക്കും ബില്ലിന്റെ കാര്യത്തില്‍ ഒരു പൊതുനിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇത് നടപ്പാക്കാനുളള തടസ്സമായി നിൽക്കുന്നത്. ബില്ലിന്റെ കാര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നും ഈ വകുപ്പുകള്‍ കൈക്കൊണ്ടിട്ടില്ല എന്നാണ് ​ഈ വകുപ്പുകളുടെ നടപടികളും അവരുടെ മറുപടികളും വ്യക്തമാക്കുന്നത്. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് വീണ്ടും സഭയുടെ പരിഗണനക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് നിയമവകുപ്പ് പറയുന്നത്.

plachimada tribunal bill, kearala niyamasabha, mathew t thomas,

മന്ത്രി മാത്യു ടി തോമസ് നൽകിയ മറുപടി

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാര്‍ച്ച് 16ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു. ടി തോമസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. ”ബില്ലിലെ വിഷയം 2010ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അത് പുനരവതരിപ്പിക്കാന്‍ സംസ്ഥാന നിയമസഭക്ക് കഴിയില്ലെന്ന് വകുപ്പിന് നിയമോപദേശം ലഭിച്ചു. നഷ്ടപരിഹാരം കമ്പനിയില്‍ നിന്ന് നിയമപരമായി നേടിയെടുക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.” അതായത്, ബില്‍ ഭേദഗതികളോടെ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഈ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ പറയുമ്പോഴും ബില്‍ നിയമസഭയില്‍ പുനരവതരിപ്പിക്കാന്‍ ബാധ്യസ്ഥനായ ജലവിഭവവകുപ്പ് മന്ത്രി അതേ സമ്മേളനത്തില്‍ തന്നെ പറഞ്ഞത് ബില്‍ പുനരവതരിപ്പിക്കാന്‍ സംസ്ഥാന നിയമസഭക്ക് കഴിയില്ല എന്നാണ്. നഷ്ടപരിഹാരം ഈടാക്കാന്‍ മറ്റ് വഴികള്‍ ആലോചിക്കുമെന്നുകൂടി പറഞ്ഞുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി ബില്‍ പുനരവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

plachimada tribunal, plachimada protest,

പ്ലാച്ചിമടയിലുള്ളവര്‍ക്കായി പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിശോധനയിലാണെന്നാണ് നിയമമന്ത്രി എ.കെ. ബാലന്‍ ഏതാനും മാസം മുമ്പ് പാലക്കാട് പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രിയോട് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് അദ്ദേഹം​​ അറിയിച്ചതെന്ന് പ്ലാച്ചിമട സമരപ്രവര്‍ത്തകർ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ ഇത്തരത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് വീണ്ടും അവതരിപ്പിക്കുമെന്ന സ്പീക്കറുടെ പ്രസ്താവനയുടെ അടിസ്ഥാനമെന്തായിരുന്നു എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയുമായി വാക്കാല്‍ മാത്രമാണ് ഇക്കാര്യം സംസാരിച്ചിട്ടുള്ളത് എന്ന് സ്പീക്കര്‍ മറുപടി നല്‍കിയ സാഹചര്യത്തില്‍ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പിന്നിടാന്‍ പോകുമ്പോഴും ഇക്കാര്യത്തില്‍ ഒരു നയം രൂപീകരിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല
പ്ലാച്ചിമട നഷ്ടപരിഹാര ട്രീബ്യൂണൽ ബില്ല് സംബന്ധിച്ച നാൾ വഴികൾ:

22-04-2010
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂഗര്‍ഭജലത്തിന്റെ അമിത ചൂഷണത്തിലൂടെയും മലിനീകരണത്തിലൂടെയും കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ക്ക് “പൊല്യൂട്ടര്‍ പെയ്‌സ്” തത്വം പ്രകാരം 216.26 കോടി രൂപ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണെന്നും ഇതിനായി ഒരു ട്രിബ്യൂണലോ സംസ്ഥാന തലത്തില്‍ ഒരു അതോറിറ്റിയോ രൂപീകരിക്കാമെന്നും നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്.

24-02-2011
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കി.

29-03-2011
കേരള ഗവര്‍ണ്ണറുടെ സെക്രട്ടറി ബില്ല് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു കൊടുത്തു. പരിസ്ഥിതി സംരക്ഷണ നിയമം, 1986, വാട്ടര്‍ ആക്ട്, 1981, ദേശീയ ഹരിത ട്രിബ്യൂണല്‍ ആക്ട് 2010 എന്നീ നിയമങ്ങളുമായി ബില്ലിന്റെ ചില ഭാഗങ്ങള്‍ക്ക് റിപഗ്നന്‍സി ഉള്ളതിനാല്‍ രാഷ്ട്രപതിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാറിന് ബില്ല് നിയമമാക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന ഗവര്‍ണ്ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചത്.

08-07-2011
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്ലിന്മേല്‍ കൊക്കക്കോള കമ്പനിക്ക് ലഭിച്ച നിയമോപദേശത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം ചോദിച്ചു. സംസ്ഥാന നിയമസഭക്ക് ബില്ല് പാസ്സാക്കാനുള്ള അധികാരമില്ലെന്ന, മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് അയച്ചത്.

17-11-2011
സംസ്ഥാനത്തിന്റെ വാദങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കേരളം മറുപടി നല്‍കി.

05-11-2014
ബില്ല് പാസ്സാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും പ്ലാച്ചിമട വിഷയത്തില്‍ നഷ്ടപരിഹാരത്തിന് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയാണ് വേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമോപദേശം നല്‍കി.

01-12-2014
കേന്ദ്ര നീതിന്യായ വകുപ്പുമായി കൂടിയാലോചിച്ചതിന് ശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

06-11-2015
രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവര്‍ണറെ അറിയിച്ചു.

18-01-2016
ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന ഗവര്‍ണ്ണറുടെ സെക്രട്ടറി നിയമവകുപ്പ് സെക്രട്ടറിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.