/indian-express-malayalam/media/media_files/uploads/2017/04/coc-1111-1.jpg)
പാലക്കാട്:വിദേശ ബഹുരാഷ്ട്ര കുത്തകയെ കെട്ടുകെട്ടിച്ച പ്ലാച്ചിമടക്കാര്‍ ഒടുവില്‍ സ്വന്തം രാജ്യത്തെ ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ദയനീയ കാഴ്ച. ഭരണകൂടങ്ങളുടെ കോര്‍പ്പറേറ്റ് വിധേയത്വത്തിന് മുന്നിലാണ് പ്ലാച്ചിമടക്കാർക്ക് അടിതെറ്റിയത്. തങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ട സര്‍ക്കാരുകള്‍ ഒടുവില്‍ അവര്‍ക്ക് നീതിയും നഷ്ടപരിഹാരവും നിഷേധിച്ചപ്പോള്‍ രണ്ടാം പ്ലാച്ചിമട കോക്ക കോള വിരുദ്ധ സമരത്തിന് പാവപ്പെട്ട ആദിവാസികള്‍ രംഗത്തിറങ്ങുകയാണ്. 2002 ഏപ്രില്‍ 22-ന് ആരംഭിച്ച കോളാവിരുദ്ധ സമരത്തിന്റെ ആരംഭകാലത്തെന്നപോലെ ഇവരെ സഹായിക്കാന്‍ രണ്ടാം ഘട്ട സമരം ആരംഭിക്കാനൊരുങ്ങുമ്പോഴും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ ആരുമില്ല.പരിസ്ഥിതി-ജനകീയ കൂട്ടായ്മകളുടെ പിന്തുണ മാത്രമുണ്ട്.
സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുക, പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക,കൊക്ക കോള കമ്പനിക്കെതിരെ ചുമത്തിയ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ എടുക്കുക എന്നീ ന്യായമായ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.പ്ലാച്ചിമട സമരത്തിന്റെ 15-ആം വാര്‍ഷിക നാളില്‍ ഏപ്രില്‍ 22-ന് പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ സമരം തുടങ്ങുമ്പോള്‍ ഇനിയെങ്കിലും തങ്ങള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്ലാച്ചിമടക്കാര്‍.
/indian-express-malayalam/media/media_files/uploads/2017/04/plachimada-well-polution.jpg)
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയും സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയുമായിരുന്ന 2000-ലാണ് ഹിന്ദുസ്ഥാന്‍ കോക്കകോള ബിവറേജസ് കമ്പനിയും പെപ്‌സികോ ഇന്ത്യ കമ്പനിയും കേരളത്തിലെത്തുന്നത്. വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു കുത്തകളെയും സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ജലം മുഖ്യ അസംസ്‌കൃതവസ്തുവായ രണ്ട് കമ്പനികളും തങ്ങളുടെ പ്ലാന്റിന് തിരഞ്ഞെടുത്ത സ്ഥലം പാലക്കാട് ജില്ലയായിരുന്നു.രൂക്ഷമായ വരള്‍ച്ചയും അമിത ഭൂജലചൂഷണവും നടക്കുന്ന ജില്ലയായിരുന്നിട്ടും എന്തിനാണ് പാലക്കാട് തന്നെ പ്ലാന്റ് തുടങ്ങാന്‍ അനുമതി നല്‍കിയത് എന്നതിന് ഒരു ഉത്തരവുമില്ല.പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട ആദിവാസികോളനിക്ക് സമീപം കോക്കകോള കമ്പനിയും പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പെപ്‌സിയും പ്രവര്‍ത്തനം തുടങ്ങി.കൊക്കകോളയുടെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ തൊട്ടടുത്ത വിജയനഗര്‍ കോളനിയിലെ പഞ്ചായത്ത് കിണറിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലാതായി.സമീപപ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമവും നേരിട്ടു.ഇതിന്റെ കാരണം തേടിയിറങ്ങിയപ്പോഴാണ് കോക്കകോളയുടെ ഭൂജലചൂഷണത്തെക്കുറിച്ച് നാട്ടുകാര്‍ മനസ്സിലാക്കുന്നത്.ആറ് കുഴല്‍കിണറില്‍ നിന്നും രണ്ട് തുറന്ന കിണറില്‍ നിന്നുമായി ദിവസം പത്തു ലക്ഷം ലിറ്ററിന് മുകളില്‍ വെള്ളം ഊറ്റിയെടുത്തതോടെ പ്ലാച്ചിമടക്കാര്‍ക്ക് കുടിവെള്ളം കിട്ടാതായി.കുടിവെള്ളത്തിന് മൂന്നു കിലോമീറ്റര്‍ അകലെ കൊച്ചിക്കാട് വരെ പോവേണ്ടി വന്നു.കുടിവെള്ളത്തിന് പോയാല്‍ പണിക്ക് പോവാന്‍ പറ്റില്ല,പണിക്ക് പോയാല്‍ വെള്ളം കിട്ടില്ല എന്ന് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എപ്പോഴും പറഞ്ഞിരുന്നത് ഈ ദുരനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.
കുടിവെള്ളം മുട്ടിക്കുക മാത്രമല്ല കൊക്കകോള ചെയ്തത്.രാസകീടനാശിനികള്‍ കലര്‍ന്ന് മലിനജലം മണ്ണിലേക്ക് ഇറക്കിവിട്ട് സമീപത്തെ ജലസ്രോതസ്സ് മുഴുവന്‍ വിഷമയമാക്കി.മാരകകീടനാശിനികളായ കാഡ്മിയവും ലെഡും കലര്‍ന്ന ഖരമാലിന്യം വളമാക്കി നൽകി.ഇതുപയോഗിച്ചത് വഴികൃഷിയിടങ്ങൾ നശിപ്പിക്കപെടുകയും ചെയ്തതായി കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് കോക്കകോള വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ കോളക്കമ്പനിക്കെതിരെ 2002 ഏപ്രില്‍ 22-ലെ ഭൗമദിനത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഇന്നത് 15 ആം വര്‍ഷത്തിലെത്തിയിരിക്കുന്നു.ആദിവാസി സമരത്തെ തള്ളിപ്പറഞ്ഞിരുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് സമരത്തില്‍ അണിനിരന്നതോടെ പ്ലാച്ചിമട സമരം ലോകം അറിയുന്ന ജലസമരമായി മാറി.ആദിവാസികളുടെ നിശ്ചയദാര്‍ഢ്യത്തിനും പെരുമാട്ടി പഞ്ചായത്തിന്റെ നിയമയുദ്ധത്തിനും മുന്നില്‍ 2004-ല്‍ കോക്കകോള കമ്പനിക്ക് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
കോക്ക കോളയുമായുളള നിയമയുദ്ധം ഇന്ന് സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു.
Read More: ഒന്നും ശരിയാകുന്നില്ല, പ്ലാച്ചിമട ട്രിബ്യൂണൽ ബില്ലിലും സർക്കാർ നിലപാടിൽ അവ്യക്ത തുടരുന്നു
പ്ലാച്ചിമടയിലെ മണ്ണും ജലവും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചതിന് കോക്കകോളയെ നിയമത്തിന് മുന്നില്‍ വിചാരണ ചെയ്യുകയെന്ന ലക്ഷ്യംവെച്ചാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രൂപം നല്‍കിയതെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ പ്രഘോഷിച്ചു. 2011 -ല്‍ വി.എസ്.അച്യുതാനന്ദന്‍ സർക്കാരിന്റെ അവസാന നാളില്‍ കേരള നിയമസഭ ബില്‍ ഒറ്റക്കെട്ടായി പാസ്സാക്കി.പ്ലാച്ചിമടക്കാര്‍ക്കുണ്ടായ കുടിവെള്ളം-കൃഷി-ആരോഗ്യ-തൊഴില്‍-വിദ്യാഭ്യാസ നഷ്ടങ്ങള്‍ക്കുണ്ടായ സഹായധനം എന്ന നിലക്ക് 216 കോടിയുടെ നഷ്ടപരിഹാരം അനുവിദക്കണമെന്നാണ് ബില്ലില്‍ പ്രധാനമായും ശുപാര്‍ശ ചെയ്തിരുന്നത്.അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഉന്നതാധികാരസമിതിയുടെ ഒരു വര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് ട്രിബ്യൂണല്‍ ബില്ലിന് ശുപാര്‍ശ ചെയ്തത്. രാഷ്ട്രപതിയുടെ അംഗീകരാത്തിന് ബില്‍ സമര്‍പ്പിച്ചെങ്കിലും നാല് വര്‍ഷം പിടിച്ചുവെച്ചശേഷം 2015 നവംബറില്‍ ബില്‍ തള്ളുകയായിരുന്നു.സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഇത്തരം ബില്‍ പാസ്സാക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞാണ് കേന്ദ്രം ബില്‍ തള്ളിയത്. നരേന്ദ്രമോദിയുടെ നേത്വത്തിലുള്ള കേന്ദ്ര സർക്കാർ ബില്‍ തള്ളിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു.ബില്ലിന്റെ കാര്യത്തിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കേന്ദ്രവും കേരള സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ സർക്കാർ ബില്ല് തളളുമ്പോൾ കേരളം ഭരിച്ചിരുന്ന യു ഡി എഫോ എല്ലാം ശരിയാക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽ ഡി എഫോ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബൂണലിന്റെ കാര്യത്തിൽ മാത്രം ഇതുവരെ അനങ്ങയിട്ടില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനാവകാശത്തിന് മുഖം തിരിഞ്ഞുനിൽക്കുകയാണ്.
ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴാണ് നഷ്ടപരിഹാര ട്രിബ്യൂണൽ ബില്‍ പാസ്സാക്കിയത്. ഇപ്പോള്‍ ഭരിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ പ്ലാച്ചിമടക്കാര്‍ക്ക് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഇപ്പോഴത്തെ സര്‍ക്കാരിനുണ്ട്. ബില്ലില്‍ പരിസ്ഥിതി നഷ്ടം എന്ന വാക്ക് മാറ്റി ഭേദഗതിയോടെ വീണ്ടും പാസ്സാക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഒപ്പം ജലസ്രോതസ്സ് മലിനപ്പെടുത്തിയ കേസില്‍ കന്പനിയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനും വകുപ്പുണ്ട്. ഇതു രണ്ടും ചെയ്താല്‍ വീണ്ടും കന്പനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും സാധിക്കും.ലോകം ശ്രദ്ധയാകർഷിച്ച പ്ലാച്ചിമട സമരത്തിന്റെ ലക്ഷ്യവും സഫലമാവും.സര്‍ക്കാര്‍ അതിനുള്ള ആര്‍ജവം കാണിക്കണമെന്ന് മാത്രം.ഈ രണ്ടാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോക്കകോള വിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യസമിതിയും രണ്ടാം പ്ലാച്ചിമട സമരത്തിന് തയ്യാറെടുക്കുന്നത്.22-ന് രാവിലെ 11-ന് പാലക്കാട്, ഇന്ത്യയുടെ വാട്ടര്‍മാന്‍ മഗ്‌സാസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്ര സിങ് ആണ് രണ്ടാം പ്ലാച്ചിമട സമരം ഉദ്ഘാടനം ചെയ്യും.അന്തിമവിജയം വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
രണ്ടാംഘട്ട പ്ലാച്ചിമട സമരം തുടങ്ങുമ്പോൾ പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായ മയിലമ്മയും സ്വാമിനാഥനും പ്ലാച്ചിമടയെ ലോകത്തിന് മുന്നിൽ എത്തിച്ചതിൽ പ്രധാനികളിലൊരാളയ ഫിലിംമേക്കർ ശരത്‌ചന്ദ്രനുമെല്ലാം പ്ലാച്ചിമടക്കാരുടെ ഓർമ്മകളിൽ കിനിഞ്ഞിറുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.