പാലക്കാട്: കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടയില്‍ നടന്ന സമരത്തിന് തങ്ങളാണ് നേതൃത്വം നല്‍കിയതെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അവകാശവാദങ്ങളെ തള്ളി പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അറുമുഖന്‍ പതിച്ചിറ. സമരം മുന്നോട്ട് കൊണ്ടു പോയത് മാതൃഭൂമിയും ജനതാദളുമാണെന്ന മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.പി.വീരേന്ദ്രകുമാറിന്റെ അവകാശവാദത്തെയാണ് സമരസമിതി നിഷേധിച്ചത്. ജോലി നല്‍കുമെന്ന കമ്പനിയുടെ വാഗ്‌ദാനം വിശ്വസിച്ച ജനങ്ങള്‍ക്ക് അപകടം മനസിലായില്ലെന്നും ജനദാതള്‍ നേതാക്കളുടെയും മാതൃഭൂമിയുടേയും സമയോചിതമായ ഇടപെടലും അന്നത്തെ മാതൃഭൂമി പത്രാധിപര്‍ കെ.ഗോപാലകൃഷ്ണന്‍ സമരത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുമാണ് സംഭവത്തിന് വഴിത്തിരിവുണ്ടാക്കിയത് എന്നുമായിരുന്നു വീരേന്ദ്രകുമാറിന്റെ വാദം.

എന്നാല്‍, ആയിരക്കണക്കിന് ജനകീയ സമര സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് സമരത്തില്‍ അണി ചേര്‍ന്നതെന്നും അവരുടെ കഷ്ടപ്പാടിന്റെ ഫലമായാണ് കൊക്കകോള കമ്പനി തോറ്റോടിയതെന്നും അറുമുഖന്‍ പറയുന്നു. കേവലം ഒരു മാതൃഭൂമിയോ വീരേന്ദ്രകുമാറോ ഐക്യദാര്‍ഢ്യപ്പെട്ടതുകൊണ്ടല്ല സമരം വിജയം കണ്ടത്. ഒപ്പം പ്ലാച്ചിമടയില്‍ ജനകീയ സമരസമിതി രൂപീകരിച്ചത് സിപിഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നാണെന്ന ദേശാഭിമാനിയുടെ അവകാശത്തെയും ഇവര്‍ തള്ളിപ്പറഞ്ഞു.

‘2001 മുതല്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാതൃഭൂമി എഴുതി എന്നാണ് പത്രം അവകാശപ്പെടുന്നത്. കമ്പനിക്കെതിരെ സമരം തുടങ്ങിയത് തന്നെ 2002 ഏപ്രില്‍ 22 നാണ്. 2001 മുതല്‍ കോളയെക്കുറിച്ചു മാതൃഭൂമി പത്രത്തില്‍ വന്നത് കോളയുടെ പരസ്യമാവാനേ തരമുള്ളൂ’വെന്നും പറഞ്ഞ അറുമുഖന്‍, ലോകജലസമ്മേളനത്തിന് നേതൃത്വം കൊടുത്തതു വഴി മാതൃഭൂമി പ്ലാച്ചിമട സമരത്തെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു.

‘കോളകമ്പനി ഉടമകളുമായി സന്ധി ചെയ്ത് പ്ലാച്ചിമടയില്‍ കോളകമ്പനിക്കു മാമ്പഴ പാനീയ നിര്‍മാണത്തിനായി പരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരനായി നിന്നതു താങ്കളാണെന്നും ഞങ്ങള്‍ മറന്നിട്ടില്ല. കോളകമ്പനിക്ക് ടാങ്കറിന് 500 രൂപ നിരക്കില്‍ ആയിരക്കണക്കിന് ടാങ്കര്‍ ലോറികളില്‍ വെള്ളം വിറ്റ കെ.കൃഷ്ണന്‍കുട്ടിയെ മഹത്വവല്‍ക്കരിക്കുന്നതെന്തിനാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും മനസിലാവുന്നില്ല. പ്ലാച്ചിമട സമരം തുടങ്ങിയത് മുതല്‍ നിത്യവും മാധ്യമം ദിനപത്രത്തിലൂടെ വാര്‍ത്തയെഴുതിയത് വി.എം.ഷണ്‍മുഖദാസ് മാത്രമാണ്. 50 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് മറ്റ് പത്രങ്ങള്‍ വാര്‍ത്ത എഴുതാന്‍ തുടങ്ങിയത്. താങ്കളുടേതടക്കമുള്ള മാതൃഭൂമി പത്രവും, ജനതാദളും അപ്പോഴും സമരത്തിനെതിരായിരുന്നു എന്ന് പറയാന്‍ ഞങ്ങളുടെ നാവ് ആരും ഇതുവരെ അരിഞ്ഞെടുത്തിട്ടില്ല.’

ആയിരക്കണക്കിന് ജനകീയ-സമര സംഘടനകളോടൊപ്പം, നിലവിലെ മിക്കവാറുമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും പ്ലാച്ചിമട സമരത്തില്‍ പലഘട്ടങ്ങളിലായി അണിചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ചില വ്യക്തികളുടെ പേര് മാത്രം പറഞ്ഞു കൊണ്ട് പ്ലാച്ചിമട സമരചരിത്രത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല.

ദുരഭിമാനത്തെക്കുറിച്ച് ചിന്തിക്കാതെ പറഞ്ഞത് തിരുത്താന്‍ മാതൃഭൂമിക്ക് ഇനിയും സമയമുണ്ടെന്നും അല്ലാത്ത പക്ഷം വര്‍ഷങ്ങള്‍കൊണ്ട് സ്ഥാപനം ഉണ്ടാക്കിയെടുത്ത പേരും പ്രതാപവും നഷ്ടപ്പെടുമെന്ന് മാത്രമല്ല, ചരിത്രം വളചൊടിച്ചുവെന്ന അപഖ്യാതിയും കൂടി ലഭിക്കുമെന്നും അറുമുഖന്‍ പതിച്ചിറ പറയുന്നു. പ്ലാച്ചിമട സമരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ‘എം.പി വീരേന്ദ്രകുമാറിന് ഒരു തുറന്ന കത്ത്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.