കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.കെ.ശ്രീമതി എംപിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പി.കെ.ശ്രീമതി എംപിക്കെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഇതിനെതിരെ ശ്രീമതി നല്‍കിയ മാനനഷ്ട കേസിലാണ് അറസ്റ്റ് വാറന്റ്.

പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിരുന്നു എന്നാണ് പരാതി.

പി.കെ.ശ്രീമതി നല്‍കിയ പരാതിയില്‍ ഗോപാലകൃഷ്ണനോട് ചൊവ്വാഴ്ച ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിർദ്ദേശം നല്‍കിയത്.

ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്നും കമ്പനി രൂപീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണു കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ