ന്യൂഡല്‍ഹി: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിക്ക് ഒപ്പമാണെന്ന് ഭൃന്ദ കാരാട്ട്. രാജ്യത്ത് എവിടെ അതിക്രമം നടന്നാലും സ്ത്രീക്ക് ഒപ്പമാണ് താനെന്നും ഭൃന്ദ കാരാട്ട് പറഞ്ഞു. അന്വേഷണത്തിന് ശേഷം മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് വ്യക്തമാവുകയുളളൂവെന്നും ഭൃന്ദ കൂട്ടിച്ചേര്‍ത്തു.
പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അന്വേഷണത്തിൽ എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ മറ്റ് മാർഗങ്ങൾ അവർക്ക് തേടാമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ സന്ദർഭങ്ങളിൽ പാർട്ടി സ്വീകരിച്ച നടപടികൾ നിങ്ങൾക്കറിയാം. ഒരാളെപോലും ഇത്തരം കാര്യങ്ങളിൽ രക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല, മാതൃകാപരമായ നടപടി സംഘടനാപരമായും നിയമപരമായും എടുത്ത ചരിത്രമുണ്ട്. ഇത്തരം കേസുകളിൽ പങ്കാളികളായ പലരുമാണ് ഇതിന്റെ വക്താക്കളായി എത്തുന്നതെന്നും ബാലൻ പ്രതികരിച്ചു.
ഇവിടെ പരാതിക്കാരി അവർക്ക് ഉത്തമവിശ്വാസമുള്ള പാർട്ടി എന്ന നിലയിൽ പരാതി തന്നു. ആ പരാതി സംഘടനാപരമായി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. അവരുടെ വിശ്വാസത്തിന് നിരക്കുന്ന രൂപത്തിൽ തന്നെയായിരിക്കും അന്വേഷണ കമീഷനും പാർട്ടിയും മുന്നോട്ട് പോവുക. അതിൽ എന്തെങ്കിലും അവിശ്വാസമോ അസംതൃപ്തിയോ അവർക്കുണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന എല്ലാ വഴികളോടും പരിപൂർണമായ പിന്തുണ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകുമെന്നും ബാലൻ പറഞ്ഞു.