തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായ പി.കെ.ശശി എംഎല്‍എ ഇന്ന് സിപിഎമ്മിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേരുന്നവര്‍ക്കുള്ള സ്വീകരണ പരിപാടിയിലാണ് പി.കെ.ശശി പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ശശിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന എ.കെ.ബാലനാണ്.
ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ശശിയെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കാന്‍ നേതൃത്വം തന്നെ ഇടപെട്ട് തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിലും മണ്ഡലം കമ്മിറ്റി യോഗത്തിലും ശശി പങ്കെടുത്തു. പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് പങ്കെടുത്തതെന്ന് പറയുന്നു.
പാര്‍ട്ടി മേല്‍കമ്മിറ്റി പ്രതിനിധിയായാണ് ശശി യോഗത്തില്‍ പങ്കെടുത്തത്. ഇതിനുമുമ്പ് ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. പിന്നീടത് പിന്‍വലിച്ചു. ഏരിയ കമ്മിറ്റി യോഗത്തിലും ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്ത് മേല്‍ക്കമ്മിറ്റി തീരുമാനങ്ങളും മറ്റു കാര്യങ്ങളും വിവരിച്ചു.
ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് തച്ചമ്പാറയില്‍ സിപിഐ വിട്ടുവരുന്നവര്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ എ.കെ.ബാലനും പി.കെ.ശശിയും ഒരുമിച്ചു പങ്കെടുക്കുന്നത്. ഈ പരിപാടിയില്‍ രണ്ടു പേരും പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകളും നേരത്തെ തന്നെ സിപിഎം പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് നിലവില്‍ സിപിഎം നേതൃത്വത്തിന്റെ ധാരണ.
സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമനുസരിച്ച് ശബരിമല വിഷയത്തില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടത്തുന്ന പ്രചാരണ ജാഥയ്ക്കും ശശി നേതൃത്വം നല്‍കും. അടുത്തമാസം ആദ്യപകുതിയില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസില്‍ പരാതി നല്‍കുമെന്നും പരാതിക്കാരിയായ വനിത നേതാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.