പാലക്കാട്: പീഡനാരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പി.കെ.ശശി എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യം. പി.കെ.ശശി എംഎല്‍എ ജില്ലാ കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പി.കെ.ശശിക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
സസ്പെന്ഷന് കാലാവധിക്കുശേഷം ശശി പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്ന കാര്യത്തെ കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിരിക്കെയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന നേതൃത്വം പരിഗണിക്കും. സംസ്ഥാന നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Read Also: പീഡനവിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കൈവിടുന്നു; പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമായെന്ന് മുറുമുറുപ്പ്
സസ്പെന്ഷന് കാലയളവില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് പി.കെ.ശശി എംഎല്‍എ കാഴ്ചവച്ചതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗം ഈ ശുപാർശ അംഗീകരിച്ചു. 44 അംഗ ജില്ലാ കമ്മിറ്റിയിൽ 14 അംഗങ്ങൾ മാത്രമാണ് പി.കെ.ശശിക്കെതിരായി നിലപാടെടുത്തത്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ വനിതയാണ് പി.കെ.ശശിക്കെതിരെ ആരോപണം ഉന്നയിച്ചത്. പരാതിയെ തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പി.കെ.ശശിയെ സസ്പെൻഡ് ചെയ്യുന്നത്. ആറ് മാസത്തേക്കായിരുന്നു സസ്പെൻഷൻ. ഇതിന്റെ കാലാവധി മേയ് മാസത്തിലാണ് പൂർത്തിയായത്. എന്നാൽ, ഏത് ഘടകം കേന്ദ്രീകരിച്ച് ശശി പ്രവർത്തിക്കണമെന്ന് തീരുമാനമായിരുന്നില്ല. ഇതേക്കുറിച്ച് സിപിഎമ്മിൽ ചർച്ചകൾ നടക്കുകയാണ്.
Read Also: ‘ഞാന്‍ പരാതിക്കാരിക്ക് ഒപ്പമാണ്’; പി.കെ.ശശിയുടെ പീഡന വിവാദത്തില്‍ ഭൃന്ദ കാരാട്ട്
അതേസമയം, പാലക്കാട് ലോക്സഭാ സീറ്റിൽ സിറ്റിങ് എംപിയായിരുന്ന എം.ബി.രാജേഷ് പരാജയപ്പെട്ടതിൽ പി.കെ.ശശിക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. പാർട്ടിയിലെ വിഭാഗീയത പാലക്കാട് സീറ്റിൽ തിരിച്ചടിയായെന്ന് സിപിഎം നേതാക്കളിൽ നിന്ന് ആക്ഷേപം ഉയർന്നിരുന്നു. പീഡനാരോപണത്തിൽ പി.കെ.ശശി എംഎൽഎക്കെതിരെ നിലകൊണ്ട നേതാവാണ് എം.ബി.രാജേഷ്. അതിനാൽ, തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിനെതിരെ ശശി അനുകൂല നേതാക്കൾ പ്രവർത്തിച്ചുവെന്ന ആക്ഷേപമാണ് നേരത്തെ കേട്ടിരുന്നത്. ജില്ലാ കമ്മിറ്റിയിലും ചില നേതാക്കൾ ശശിക്കെതിരെ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ട്.