/indian-express-malayalam/media/media_files/uploads/2018/09/pk-sasi-cats.jpg)
പാലക്കാട്: പികെ ശശി എംഎൽഎയെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്ത പാർട്ടി നടപടിയിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരി. പാർട്ടിയിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അത് കാത്തുവെന്നും അവർ വാർത്തയോട് പ്രതികരിച്ചു.
പികെ ശശിക്കെതിരെ നടപടിയെടുത്തതിൽ പാർട്ടിയോട് നന്ദിയും സ്നേഹവും ഉണ്ടെന്നും അവർ പറഞ്ഞു. എന്നാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് അവർ വ്യക്തമാക്കിയത്.
പികെ ശശിക്കെതിരെ ഇവർ നൽകിയ പരാതിയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ വച്ചത്. പ്രവർത്തകയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് ശശിക്കെതിരായ കുറ്റം. സിപിഎം സംസ്ഥാന സമിതിയാണ് നടപടിയെടുത്തത്.
നടപടി കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. ആറ് മാസത്തേക്ക് പാർട്ടിയുടെ യാതൊരു കമ്മിറ്റികളിലും പികെ ശശിക്ക് പങ്കെടുക്കാനാവില്ല. അതേസമയം എംഎൽഎ സ്ഥാനത്ത് തുടരാം. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുഭാവി എന്ന നിലയിലാവും പികെ ശശിക്ക് ഇടപെടാനാവുക.
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന് ഈ വിഷയത്തിൽ ആക്രമണം നടത്താൻ അവസരം നൽകാതെയാണ് പാർട്ടി നടപടി. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും അതല്ലെന്ന് പി.കെ.ശ്രീമതിയും നിലപാടെടുത്തു.
പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ അംഗം പി.കെ. ശ്രീമതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഉപയോഗിച്ച പദപ്രയോഗങ്ങള്‍ ശരിയായില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം മന്ത്രി എ കെ ബാലന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.