പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് മറുപടിയുമായി മലയരയ മഹാസഭ നേതാവ് പികെ സജീവ്. മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരികെ നല്‍കണമെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ പൂര്‍വ്വികരുടെ ആരാധനാലയത്തില്‍ രാഹുല്‍ ഈശ്വറിന് എന്താണ് കാര്യമെന്നും തങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിച്ച് തരേണ്ടെന്നുമായിരുന്നു പികെ സജീവിന്റെ പ്രതികരണം.

‘ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. ഞങ്ങടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കണ്ട’ എന്ന് പികെ സജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നുമാണ് മലയരയ സമുദായം പറയുന്നത്. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഹുല്‍ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതല്‍ മല അരയര്‍ക്കു നല്‍കണമെന്നും മറ്റവകാശങ്ങള്‍ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്.ഞങ്ങടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത
. അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും.വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ട…. പ്ലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.