കൊച്ചി: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതിനെ ന്യായീക്കരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അച്ചടക്കമുള്ള തടവുകാരനായതുകൊണ്ടാണ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

കേസില്‍ 13ാം പ്രതിയായ കുഞ്ഞനന്തന്‍ ചികിത്സയ്ക്ക് എന്ന പേരില്‍ പരോള്‍ വാങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നായിരുന്നു രമ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ നിയമം അനുസരിച്ച് മാത്രമേ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ല. ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇത് വരെ പരോള്‍ നല്‍കിയത്. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

അസുഖമാണെങ്കില്‍ കുഞ്ഞനന്തന് പരോളല്ല, ചികിത്സയാണ് വേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളില്ലേ എന്ന് കോടതി ചോദിച്ചു.

എന്നാല്‍ ജയിലില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തനിക്ക് ഗുരുതരമായ സന്ധിവേദനയും പ്രമേഹവും ഉണ്ടെന്നു പറഞ്ഞപ്പോള്‍ ആ അസുഖങ്ങളെല്ലാം സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേയെന്നും കോടതി ചോദിച്ചു.

ടി പി കേസില്‍ 2014 ജനുവരിയിലാണ് കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ 389 ദിവസമാണ് പരോള്‍ ലഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ