തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾക്ക് മറുപടി പറയാതെ സിപിഎം മതത്തെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്പോൾ അടിച്ചൊതുക്കുന്നതും മതപരമായ വികാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

“കേരളീയർ മണ്ടന്മാരൊന്നുമല്ല. ഇതൊരു വെള്ളരിക്കപ്പട്ടണവുമല്ല. ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസ്സിലാവും. അതെങ്കിലും തിരിച്ചറിയാൻ ഇടതുമുന്നണി നേതാക്കൾക്ക് കഴിയണം. ബിജെപിക്ക് മുതലെടുക്കാൻ അവസരമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നത്. ആവശ്യമില്ലാതെ പലതരം കാര്യങ്ങൾ കൊണ്ടുവന്ന് അത് ചർച്ചയാക്കി തടിയൂരാൻ നോക്കുകയാണ്. ബിജെപിയെ വലുതാക്കാൻ വേണ്ടി നോക്കുന്നത് ഇടതുമുന്നണിയാണ്.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആക്ഷേപം ഉണ്ടായതും ആരോപണം ഉയര്‍ന്നതും സ്വര്‍ണക്കടത്തിനെ കുറിച്ചാണ്. ആരോപണങ്ങൾക്ക് നേരെ ചൊവ്വെ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ ഖുര്‍ആനും ഇഫ്താര്‍ കിറ്റും എല്ലാം ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല. മുസ്ലീം ലീഗ് ആ കെണിയിൽ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ സമരങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കോൺഗ്രസും ബിജെപിയും ചേർന്ന് സംസ്ഥാനത്ത് നടത്തുന്നതെന്ന് കോടിയേരി വിമർശിച്ചു. സർക്കാരിനെതിരായ സമരങ്ങൾക്ക് ജനപിന്തുണയില്ല. പ്രതിഷേധങ്ങൾ ഗൂണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോകുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജലീൽ രാജിവയ്‌ക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നും ജലീലിന്റെ രാജി‌ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ എങ്കിൽ അങ്ങനെയൊരു കാര്യം നടക്കാനേ പോകുന്നില്ലെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ജലീലിനെ സാക്ഷിയായാണ് വിളിച്ചതെന്നും സാക്ഷിയായി വിളിച്ചതിന്റെ പേരിൽ ഒരാൾ രാജിവയ്‌ക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.