മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടിയായിരിക്കും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ നിർണായക ചുമതല കുഞ്ഞാലിക്കുട്ടി വഹിക്കും.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായവകുപ്പ് മന്ത്രിയായിരുന്നു കുഞ്ഞാലിക്കുട്ടി. പിന്നീടാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്‌ട്രീയത്തിൽ സജീവമായതും ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതും.

Read Also: വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ? രശ്മിക മനസ് തുറക്കുന്നു

ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇനി വഹിക്കുക ഇ.ടി.മുഹമ്മദ് ബഷീർ ആണ്. മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് തീരുമാനം.

നിലവിൽ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് സൂചന.

ഇപ്പോൾ ഉപപ്രതിപക്ഷ നേതാവ് സ്ഥാനം ലീഗിനാണുള്ളത്. കേരള നിയമസഭയിൽ എം.കെ.മുനീർ എംഎൽഎയാണ് ഉപപ്രതിപക്ഷ നേതാവ് സ്ഥാനം വഹിക്കുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുന്നണിയിൽ കോൺഗ്രസിനു ശേഷം ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുക ലീഗ് തന്നെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.