മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ മുസ്ലീം ലീഗിന് യാതൊരു എതിർപ്പുമില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. സംസ്ഥാന രാഷ്ട്രീയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ച് വിളിച്ചത്. ഇത് ഉറച്ച തീരുമാനമാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പരമാധികാരിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലെടുത്ത തീരുമാനമായതിനാല്‍ അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇ. ടി കൂട്ടിച്ചേര്‍ത്തു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചനയും ഇ.ടി മുഹമ്മദ് ബഷീർ നൽകി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ശക്തിയും അവകാശവുമനുസരിച്ച് സീറ്റുകള്‍ കൂട്ടി ചോദിക്കുമെന്നാണ് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്.

Read More: കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ തീരുമാനം

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുന്നതും എം. പിസ്ഥാനം രാജിവെക്കുന്നതും പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങളായിരുന്നു ഇക്കാര്യം പറഞ്ഞത്. ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സംസ്ഥാന രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു. ഇത് പാർട്ടിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധത്തിലാവും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവക്കുക. നിലവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് കുഞ്ഞാലിക്കുട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.