മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മുന്‍ഗാമികളുടെ ധീരമായ കാല്‍പാടുകളാണ് തനിക്ക് മുന്നിലുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ പാതയില്‍ മുന്നോട്ടുപോകാന്‍ എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

ആദരണീയനും പ്രിയങ്കരനുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നെ നിയോഗിച്ചിരിക്കുകയാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയക്കൊടി മാത്രം പാറിയിട്ടുള്ള, അഭിമാനകരമായ ചരിത്രമുള്ള മണ്ണാണ് മലപ്പുറം. മലപ്പുറത്ത് നിന്നും ലോക്‌സഭയിലെത്തിയവര്‍ക്ക് ഇന്ത്യയിലെ അധ:സ്ഥിത ജനകോടികളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ഉറച്ച ശബ്ദമാകാന്‍ കഴിഞ്ഞിട്ടുണ്ട്. മതേതര മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ഒരു ജനത നല്‍കിയ ആത്മബലം അതിന് പ്രചോദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് പി.കെ.കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഈ മാസം 20 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടി തുടരുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. നിലവിൽ വേങ്ങര മണ്ഡലത്തിലെ എംഎൽഎയാണ് പി.കെ.കുഞ്ഞാലിക്കുട്ടി.

മുന്‍ എംപി ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 17ന് വോട്ടെണ്ണും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ