കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ ആദ്യം നടത്തിയ പ്രതികരണത്തില്‍ വിശദീകരണവും കുഞ്ഞാലിക്കുട്ടി നല്‍കി.
“ഇക്കാര്യം ആദ്യം പാര്‍ട്ടുക്കിള്ളിലൊരു പരാതി ഉയര്‍ന്നു എന്ന തരത്തിലാണ് പുറത്ത് വന്നത്. അതിനാല്‍ രാഷ്ട്രീയ വിവാദങ്ങളാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. പക്ഷെ സാമ്പത്തിക ആരോപണം വളരെ ഗൗരവമുള്ളതാണ്. അതിനെപ്പറ്റി അന്വേഷണം വേണം. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ക്കെതിരെ ആരോപണം വന്നാല്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന തരത്തില്‍ അന്വേഷണം വരണം,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
“രാഷ്ട്രീയ വീവാദങ്ങള്‍ക്കപ്പുറം ഉയര്‍ന്ന് വന്നിരിക്കുന്നത് ആരോപണങ്ങളാണ്. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്ന തരത്തില്‍. ഞാനൊക്കെ എത്രയോ പ്രാവശ്യം ഇത്തരം ആരോപണങ്ങള്‍ നേരിട്ടതാണ്. ആയതിനാല്‍ അതിക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെടുകയാണ്. ഇതുവരെ ലീഗിന്റെ ഭാഗത്ത് നിന്ന് വന്ന പ്രതികരണങ്ങളും ഇത്തരത്തില്‍ തന്നെയാണ്,” കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
“30-ാം തീയതി യുഡിഎഫ് യോഗം ചേരാന്‍ പോവുകയാണ്. ജനങ്ങളെ സമ്പന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. വിലക്കയറ്റം, മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍. എല്ലാത്തിലും യുഡിഎഫ് വിശദമായ ചര്‍ച്ച നടത്തും,” അദ്ദേഹം പറഞ്ഞു.
ഇപിക്കെതിരായ ആരോപണം: പിബി യോഗം ഇന്ന്, അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗം ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പിബി ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇന്നും നാളെയുമായാണ് പിബി യോഗം.
ഇപിക്കെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പിബി പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആരോപണങ്ങളില്‍ അന്വേഷണം വേണോ വേണ്ടയോ എന്നതില്‍ അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിടാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനോട് കേന്ദ്ര കമ്മിറ്റി വിവരം തേടിയെന്നും സ്ഥിരികീരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.