തിരുവനന്തപുരം: ബന്ധുവായ കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിക്കാൻ മന്ത്രി കെ.ടി.ജലീൽ നേരിട്ട് ഇടപെട്ടുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. അധിക യോഗ്യതയ്ക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നാണ് മന്ത്രി ഫയലിൽ എഴുതിയത്. എന്നാൽ അധികയോഗ്യതയല്ല, അടിസ്ഥാന യോഗ്യതയിലാണ് മന്ത്രി മാറ്റം വരുത്തിയത്. അധിക യോഗ്യതയിലാണെന്ന മന്ത്രിയുടെ വാദം തെറ്റാണന്നും ഫിറോസ് പറഞ്ഞു. മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ ഫിറോസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്താൻ മന്ത്രി എഴുതിയ കുറിപ്പും വകുപ്പ് സെക്രട്ടറി ഷാജഹാൻ ഇതിനെഴുതിയ വിയോജന കുറിപ്പുമാണ് ഫിറോസ് പുറത്തുവിട്ടത്.

അടിസ്ഥാന യോഗ്യതയ്ക്കു പുറമേ അധിക യോഗ്യത ചേർക്കുമ്പോൾ കാബിനറ്റിൽ ചർച്ച ചെയ്യേണ്ടതില്ല. എന്നാൽ അടിസ്ഥാന യോഗ്യതയിൽ ഇളവ് വരുത്തുമ്പോൾ കാബിനറ്റ് കാണാതെ ചെയ്യരുത്. ഇക്കാര്യം വകുപ്പ് സെക്രട്ടറി ഷാജഹാൻ ഐഎഎസ് കൃത്യമായി എഴുതിയിട്ടും മന്ത്രി കേട്ടില്ല. ഷാജഹാന്റെ കുറിപ്പ് മറികടന്ന് ഇളവിനായി സ്വന്തം ലെറ്റർപാഡിൽ മന്ത്രി കുറിപ്പ് നൽകി. യോഗ്യതകൾ പുനർ നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി ഉത്തരവിറക്കി. ഇത് തന്റെ ബന്ധുവിനെ നിയമിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്.

നിയമനത്തിൽ മന്ത്രിസഭ നിശ്ചയിച്ച യോഗ്യതയാണ് മന്ത്രി ജലീൽ തിരുത്തിയത്. വകുപ്പ് സെക്രട്ടറി ഷാജഹാന്റെ നിർദേശം മറികടന്നാണ് മന്ത്രി നിയമനം നടത്തിയത്. അധിക യോഗ്യതയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മന്ത്രിസഭയിൽ വയ്ക്കാതെ ഫയൽ അയച്ചത്. സെക്രട്ടറിയുടെ വിയോജന കുറിപ്പ് മറികടന്നു മുഖ്യമന്ത്രിക്ക് ഫയൽ അയച്ചു. ജലീൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ഒപ്പ് വാങ്ങി യോഗ്യത മാറ്റി.

യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം. അതല്ല മുഖ്യമന്ത്രിയെ കബളിപ്പിച്ചാണ് നിയമനം നടത്തിയതെങ്കിൽ ജലീലിനെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇ.പി.ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി കെ.ടി.ജലീലിനെ പേടിക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം-ഫിറോസ് ആവശ്യപ്പെട്ടു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചതാണ് വിവാദമായത്. ബന്ധുവിനെ നിയമിക്കാൻ മന്ത്രി കെ.ടി.ജലീൽ യോഗ്യതയിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. നിയമനം വിവാദമായതോടെ അദീബ് തൽസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.