തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണം കടുപ്പിച്ച് യൂത്ത് ലീഗ്. ബന്ധു നിയമത്തില്‍ ജലീലിനെതിരെ തെളിവുണ്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധുവായ അദീപിനെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുണ്ടെന്ന് പി.കെ.ഫിറോസ് പറഞ്ഞു. ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിയും എസ്ബിഐ റീജിയണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് തന്റെ ബന്ധുവിനെ മന്ത്രി നിയമിച്ചതെന്നും അദീപ് ഒഴികെയുള്ളവരെല്ലാം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നും ഫിറോസ് ആരോപിച്ചു.

കോർപറേഷനിലെ തന്നെ മറ്റൊരു ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ പോലും അപേക്ഷ മറികടന്നാണ് അദീപിന് നിയമനം നല്‍കിയതെന്നും ഫിറോസ് ആരോപിച്ചു. കൂടാതെ അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യതയുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ രണ്ട് പേര്‍ക്ക് അദീപിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും പി.കെ.ഫിറോസ് പറഞ്ഞു.

എന്നാല്‍ താന്‍ നിയമത്തിന് നിരക്കാത്തത് ഒന്നും ചെയ്തിട്ടില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചതെന്നുമാണ് ജലീലിന്റെ വാദം. അതേസമയം, കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിനല്‍കാതെ അദീപിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കി പകരം മറ്റൊരാളെ കൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.