മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങൾ പുറത്തുവിടുമെന്ന് ബ്ലാക്ക്‌മെയിൽ ചെയ്താണു ബന്ധുനിയമന വിവാദത്തിൽ മന്ത്രി സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്തു നിർത്തുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു.

ബ്ലാക്ക്മെയിലുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ പുറത്തുവിടുമെന്നും പി.കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ നവംബർ 3ന് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. 23ന് ഡയറക്ടർ പരാതി സർക്കാരിന് കൈമാറിയെങ്കിലും 2 മാസമായിട്ട് ഇതുവരെയും സർക്കാർ അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷ ധനകാര്യ വികസ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധു കെ.ടി അദീബിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചൂവെന്നതായിരുന്നു യൂത്ത് ലീഗ് ആരോപണം. അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം വിവരാവകാശ നിയമപ്രകാരം വിജിലന്‍സിനോട് ആരാഞ്ഞെങ്കിലും പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്ന് പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നുള്ള ഭയത്താലാണ് കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കാത്തതെന്നും പി.കെ ഫിറോസ് ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബന്ധുനിയമന വിവാദം സജീവമാക്കാനാണ് യൂത്ത് ലീഗ് ഒരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ