കണ്ണൂർ: പത്മഭൂഷണ്‍ ലഭിച്ച ശാസ്ത്രജ്ഞന്‍ നമ്പി നാരാണനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നമ്പി നാരായണന് നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത് കൊണ്ടാണെന്ന് ഫിറോസ് പറഞ്ഞു. സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദലിത് പിന്നാക്ക വിഭാഗത്തിലെ നിരവധി പേർ കള്ളക്കേസിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നമ്പി നാരായണന്‍റെ കാര്യത്തിൽ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. നമ്പി നാരായണനെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് പികെ ഫിറോസിന്റെ പരാമര്‍ശം.

സെന്‍കുമാറിനെതിരെ പൊലീസ് നിയമോപദേശം തേടി. കേസെടുക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.
ഈ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷ്‌ണര്‍ക്ക് കൈമാറിയിരുന്നു. നിയമോപദേശത്തിന് ശേഷമാണ് നടപടി എടുക്കുന്നതിലേക്ക് കടക്കുക. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനെ കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുല്‍ ഇസ്‌ലാമിനോടും ഉപമിച്ചു സംസാരിക്കുകയും പത്മ ഭൂഷൺ പുരസ്കാരത്തിന് അര്‍ഹതയില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook