തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ചുളള യുവനേതാക്കളുടെ അഭിപ്രായം മാനിക്കുന്നുവെന്ന് പി.ജെ.കുര്യൻ. പാർട്ടി ആവശ്യപ്പെട്ടാൽ മാറി നിൽക്കാൻ തയ്യാറാണ്. താൻ ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളുടെ തലയിൽ കെട്ടിവയ്‌ക്കുന്നത് ശരിയല്ലെന്നും താഴെത്തട്ടിൽ കൃത്യമായ പ്രവർത്തനം നടക്കാതിരുന്നതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിനുളളിൽ യുവനേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.ജെ.കുര്യന് വീണ്ടും മൽസരിക്കാൻ അവസരം നൽകരുതെന്നാണ് യുവനേതാക്കളുടെ ആവശ്യം. രാജ്യസഭയിൽ മൂന്നും ലോക്‌ഭയിൽ ആറും തവണ അംഗമായിട്ടുള്ള പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.

പാർലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സർക്കാർ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാർട്ടി കാണരുതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയിൽ വാർദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ്. പി.ജെ.കുര്യൻ കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ത്യാഗഭരിതമായ പ്രവർത്തനം കാഴ്‌ച വച്ച നേതാവാണ്. എന്നാൽ പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാൻ പുതിയ ഊർജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. റോജി എം.ജോൺ, ഷാഫി പറമ്പിൽ, വി.ടി.ബെൽറാം എന്നിവരും പി.ജെ.കുര്യനെതിരെ ഫെയ്സ്ബുക്കിലൂടെ പരസ്യമായി രംഗത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.