തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യന്‍ രംഗത്ത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കി ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് കുര്യന്‍ പറഞ്ഞു. ‘സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. ആരോടും ഞാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ മാണിക്ക് സീറ്റ് കൊടുക്കുന്നതിന്റെ ഒരു സൂചന പോലും നല്‍കിയിട്ടില്ല. സംഭവത്തില്‍ ചെന്നിത്തല തന്നെ വന്ന് കണ്ടു മാപ്പു പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഒന്ന് ഫോണില്‍ പോലും സംസാരിച്ചിട്ടില്ല’, കുര്യന്‍ കുറ്റപ്പെടുത്തി.

‘എനിക്ക് സഹായം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി മറ്റ് എംപിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് പോലെ മാത്രമാണ് സഹായിച്ചിട്ടുളളത്. ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നത്. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന വാദങ്ങളാണ്. വ്യക്തിപരമായിട്ടുളള സഹായം ചെയ്തിട്ടുണ്ടെന്ന ചാണ്ടിയുടെ പ്രസ്താവന അദ്ദേഹം വ്യക്തമാക്കണമെന്നും കുര്യന്‍ ആവശ്യപ്പെട്ടു.

‘എന്നെ ഒന്ന് ഫോണില്‍ പോലും വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ എന്നെ അപമാനിക്കുകയാണ് ചെയ്തത്. ആ മനുഷ്യന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് വ്യക്തമാക്കണം. എന്ത് സഹായമാണ് എനിക്ക് ചെയ്തതെന്ന് വ്യക്തമാക്കട്ടെ’, കുര്യന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യനെല്ലി കേസില്‍ എന്തെങ്കിലും സഹായം ചെയ്തെന്നാണ് ചാണ്ടി ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് കുര്യന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനൽകിയതിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരനും ആവർത്തിച്ചു. യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ ഭാവിയിലെങ്കിലും എടുക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫിൽ നിന്നും വിട്ടുപോയ ശേഷം കെ.എം.മാണി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നടത്തിയ ആക്ഷേപങ്ങൾക്ക് അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയാറാകണം. ആർഎസ്പി യുഡിഎഫിലേക്ക് വന്നപ്പോൾ കൊല്ലം സീറ്റ് നൽകാനുള്ള തീരുമാനം സുധീരൻ സ്വീകരിച്ചതും കൂടിയാലോചനകൾ ഇല്ലാതെയായിരുന്നുവെന്ന എം.എം.ഹസന്‍റെ ആരോപണം അദ്ദേഹം തള്ളി. നേതൃത്വത്തിലെ എല്ലാവരോടും സംസാരിച്ച ശേഷമാണ് കൊല്ലത്തെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് വിട്ടുനൽകിയതെന്ന് വി.എം.സുധീരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.