scorecardresearch
Latest News

ആന്റണിക്കൊപ്പം ജോസഫ് വേദി പങ്കിടും; യുഡിഎഫിന് താത്കാലിക ആശ്വാസം

ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടൽ

ആന്റണിക്കൊപ്പം ജോസഫ് വേദി പങ്കിടും; യുഡിഎഫിന് താത്കാലിക ആശ്വാസം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് തീയതി അടുത്തിരിക്കെ യുഡിഎഫിന് ആശ്വാസമായി പി.ജെ.ജോസഫിന്റെ നിലപാട്. ഇന്ന് എ.കെ.ആന്റണി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. യുഡിഎഫുമായി സഹകരിച്ച് കാര്യമായ രീതിയിലൊന്നും ജോസഫ് ഇതുവരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.

ഇന്ന് വൈകീട്ട് പാലായില്‍ വച്ചാണ് പൊതുയോഗം നടക്കുക. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. ജോസ് കെ.മാണിയും യോഗത്തില്‍ പങ്കെടുക്കും. പി.ജെ.ജോസഫും ജോസ് കെ.മാണിയും നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഒന്നിച്ചെത്തിയിരുന്നു.

Read Also: നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍

മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് പാലായിൽ എത്തും.  ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കുടുംബ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും. ഇന്ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകീട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പോണ്ടാനം വയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

വ്യാഴാഴ്ച (നാളെ) രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ നയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

Read Also: പാല പിടിക്കണം; മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും

കെ.എം.മാണി ഇല്ലാത്ത തിരഞ്ഞെടുപ്പിനെ ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇടതുമുന്നണി കാണുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയോട് ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം പരാജയപ്പെട്ട മാണി സി.കാപ്പന് ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ്.

ശബരിമല അടക്കമുളള വിഷയങ്ങൾ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം പ്രചാരണം തുടരുമ്പോള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വോട്ട് ചോദിക്കുകയാണ് ഇടതുമുന്നണി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും വ്യത്യസ്ത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read Also: നരേന്ദ്ര മോദി ഇന്ത്യയുടെ പിതാവാണെന്ന് ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യ; ഗാന്ധിജിയെ അറിയുമോ എന്ന് സോഷ്യല്‍ മീഡിയ

ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടൽ. ഭരണവിരുദ്ധ വികാരം പാലായിലും കാണുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സർക്കാരിന്റെ വിലയിരുത്തലാകും പാലായിൽ കാണുകയെന്ന് സിപിഎമ്മും സിപിഐയും അവകാശപ്പെടുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pj joseph will share stage with ak antony pala by election 2019