തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകൾ സമരത്തിൽ കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പങ്കെടുത്തു. തൊടുപുഴയിൽ നടന്ന പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.

അതേസമയം പിജെ ജോസഫ് സമരത്തില്‍ പങ്കെടുത്തതിനെ ജോസ് കെ മാണി തളളി. ചരല്‍കുന്ന് തീരുമാനത്തില്‍ മാറ്റമില്ലെന്നും യുഡിഎഫ് സമരത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയുമായും സഹകരിക്കില്ലെന്നാണ് ചരല്‍കുന്നിലുണ്ടായ തീരുമാനം. അതില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം കെഎം മാണി പ്രതികരിക്കാതെ മടങ്ങി. സംഭവം അറിയില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. ഇന്ന് രാവിലെ 10 മുതൽ വെള്ളിയാഴ്ച രാവിലെ 10 വരെയാണ് സമരം.

സമരത്തിന്റെ സമാപനം തിരുവനന്തപുരത്ത് തെന്നല ബാലകൃഷ്ണപിള്ള എക്‌സ്. എം.പി.യും കൊല്ലത്ത് സി.വി.പത്മരാജനും ആലപ്പുഴയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി.യും പത്തനംതിട്ട ജില്ലയില്‍ പി.സി.വിഷ്ണുനാഥും കോട്ടയത്ത് കെ. മുരളീധരനും ഇടുക്കിയില്‍ ഷെയ്ഖ് പി. ഹാരീസും എറണാകുളത്ത് എ.എ. അസീസും തൃശ്ശൂരില്‍ ബന്നി ബഹനാനും പാലക്കാട് പി.സി. ചാക്കോയും കോഴിക്കോട് ആര്യാടന്‍ മുഹമ്മദും വയനാട്ടില്‍ മൊയീന്‍കുട്ടി ഹാജിയും കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എ.യും കാസര്‍ഗോഡ് കെ.എം. ഷാജിയും ഉദ്ഘാനം ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ