കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമവായ നീക്കവുമായി പി.ജെ.ജോസഫ് എംഎല്‍എ. താനായിട്ട് പ്രത്യേക പാര്‍ട്ടി യോഗം വിളിക്കില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. സമവായ ഫോര്‍മുല രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നീക്കമെന്നും പി.ജെ.ജോസഫ്. താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാനാണ് സമവായ ഫോര്‍മുലയെന്നും പി.ജെ.ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പില്ല. ജോസ് കെ.മാണി ഡപ്യൂട്ടി ചെയര്‍മാനാകണം. ഇതാണ് സമവായ ഫോര്‍മുലയെന്നും വൈകാതെ അന്തിമ തീരുമാനമാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Read More: പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി ജോസഫ് വിഭാഗം, കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

അതേസമയം, വ്യവസ്ഥാപിതമായ മീറ്റിങ്ങുകൾ വിളിച്ച ശേഷം മാത്രമേ അധികാര സ്ഥാനങ്ങളെ പറ്റി തീരുമാനിക്കൂവെന്ന് ജോസ് കെ.മാണി പറഞ്ഞു. തന്നെ വിളിച്ച യോഗങ്ങൾക്കെല്ലാം പങ്കെടുത്തിട്ടുണ്ട്. വിളിക്കാത്ത യോഗങ്ങൾക്ക് പങ്കെടുത്തിട്ടില്ല. ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ല. ചർച്ച ചെയ്ത ശേഷം മാത്രമേ ആരൊക്കെ ഏതൊക്കെ സ്ഥാനത്തിരിക്കണം എന്ന കാര്യത്തിൽ തീരുമാനമാകൂ. പി.ജെ.ജോസഫ് മുന്നോട്ടുവച്ച ഫോർമുലയെ കുറിച്ചൊന്നും തനിക്കറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെങ്കിൽ സംസ്ഥാന കമ്മിറ്റി ചേരണം എന്ന നിർബന്ധത്തിലാണ് ജോസ് കെ.മാണി. പി.ജെ.ജോസഫിനെ ചെയർമാനാക്കി അവരോധിക്കുന്നതിനോട് ജോസ്.കെ മാണിക്കും മാണി പക്ഷത്തെ നേതാക്കൾക്കും ബുദ്ധിമുട്ടുണ്ട്. കെ.എം.മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് നൽകണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം മാണി വിഭാഗം നേരത്തെ എതിർത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.