കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോമിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പിജെ ജോസഫ്. യുഡിഎഫ് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്നും അതിനാല്‍ തീരുമാനത്തിനൊപ്പമാണെന്നും പിജെ ജോസഫ് പറഞ്ഞു.
അതേസമയം ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് വ്യക്തമായൊരു അഭിപ്രായം പറഞ്ഞില്ല. ചിഹ്നം വേണ്ടെന്നില്ലെന്നാണ് സ്ഥാനാര്‍ത്ഥി നേരത്തെ പറഞ്ഞതെന്നും അതിനാല്‍ ആ വിഷയം ഉദിക്കുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
പാലായുടെ ചിഹ്നം കെഎം മാണിയാണെന്നും രണ്ടില ചിഹ്നം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പറഞ്ഞത്. ചിഹ്നം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം, പ്രശ്‌നങ്ങളൊക്കെ ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നും തിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം.കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.