തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്കാണ് മുഖ്യ പരിഗണനയെന്ന് പി.ജെ.ജോസഫ്. പാലായിൽ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. കെ.എം.മാണി പോലും 4200 വോട്ടുകൾക്കാണ് ജയിച്ചതെന്നും അതിനാൽ കോൺഗ്രസും എല്ലാ ഘടകകക്ഷികളും ചേർന്ന് സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കുമെന്നും ജോസഫ് പറഞ്ഞു.

സെപ്റ്റംബർ ഒന്നിന് ചേരുന്ന യോഗത്തിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി തീരുമാനം വ്യക്തിപരമല്ല. ചിഹ്നം അനുവദിക്കുന്നത് ജയസാധ്യത ഉള്ളവർക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പാലാ ഉപതിരഞ്ഞെടുപ്പ്: നിഷയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ്.കെ.മാണി – പി.ജെ.ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേരള കോൺഗ്രസിലെ തർക്കങ്ങൾക്ക് അവസാനം കുറിക്കാൻ ശ്രമിക്കുന്നത്. ജോസ്കെ.മാണിയുമായും പി.ജെ.ജോസഫുമായും സമിതി പ്രത്യേകം ചർച്ച നടത്തും.

ഇന്നലെ പാലായിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി അനൗദ്യോഗിക യോഗത്തിൽ നിഷ സ്ഥാനാർഥിയാകണമെന്നു ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ സമിതി രൂപീകരിച്ചുവെന്ന് ജോസ്കെ.മാണി ഇന്നലെ അറിയിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.