scorecardresearch
Latest News

പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെ; ജോസിനെ പരിഹസിച്ച് ജോസഫ്

കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ സാധിക്കില്ലെന്ന് ജോസഫ്

PJ Joseph, പിജെ ജോസഫ്, kottayam, കോട്ടയം, jose k mani, ജോസ് കെ മാണി, president പ്രസിഡന്റ്

ഇടുക്കി: ജോസ് കെ.മാണിയെ രൂക്ഷമായി പരിഹസിച്ച് പി.ജെ.ജോസഫ്. പാർട്ടി ചിഹ്നവും പേരും ജോസ് കെ.മാണിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്ന് പി.ജെ.ജോസഫ് എംഎൽഎ. ചിഹ്നവും പേരും അനുവദിക്കാൻ നിലവിൽ ആർക്കും സാധിക്കില്ലെന്നും പാർട്ടിക്ക് ചെയർമാൻ ഇല്ലെന്നും ജോസഫ് പറഞ്ഞു.

കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ സാധിക്കില്ല. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനായി എട്ടാം തിയതി യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിനു നൽകാൻ യുഡിഎഫിൽ ധാരണയായിട്ടുണ്ട്.

അതേസമയം, കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെയെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ എൽഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടതുമുന്നണി പ്രവേശത്തിന്റെ ഭാഗമായാണ് രാജ്യസഭാംഗത്വം രാജിവയ്‌ക്കുന്ന കാര്യം ആലോചിക്കുന്നത്.

Read Also: കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവ അടുത്തിരിക്കെ ഉടൻ തന്നെ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാനാണ് ജോസ് കെ.മാണി വിഭാഗം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ.മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസ് കെ.മാണിക്കെതിരെ പരസ്യ യുദ്ധവുമായി ജോസഫ് പക്ഷം നിൽക്കുന്നു. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ താൻ തന്നെയാണെന്ന് പി.ജെ.ജോസഫ് പറഞ്ഞിരുന്നു. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ റിട്ട് നൽകുമെന്ന് വിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുമായി ഒരിക്കലും ചേർന്നുപോകാൻ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. “നിരന്തരമായി വാഗ്‌ദാനങ്ങൾ ലംഘിക്കുന്ന, കരാറുകൾ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാൻ പറ്റില്ല,” ജോസഫ് പറഞ്ഞു. അർഹതയില്ലാത്തവർക്ക് യുഡിഎഫിൽ തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pj joseph mocks jose k mani kerala congress m

Best of Express