തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പ്രതിപക്ഷ എംഎൽഎയും കേരള കോൺഗ്രസ് (എം) നേതാവുമായ പി.ജെ.ജോസഫ്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതായി പി.ജെ.ജോസഫ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും കേരളവും അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും എംഎൽഎ പറഞ്ഞു.

പ്രതിരോധ പ്രവ‍ർത്തനങ്ങളിൽ ചില കുറവുകളുണ്ടെന്നും അതു തിരുത്തണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. വികസന പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നത് തുടരുമ്പോഴാണ് പ്രതിപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

Read Also: ഉപയോഗശേഷം കുരു കവറിലിട്ടു മുളപ്പിച്ചു, അമ്മയെ തെറ്റിദ്ധരിപ്പിച്ചത് പച്ചക്കറി വിത്താണെന്ന് പറഞ്ഞ്; കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

നേരത്തെ ശശി തരൂർ എംപിയും സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിലെ പ്രവർത്തനങ്ങൾ ഭാരതത്തിനും ലോകത്തിനും മാതൃകയാണെന്നും തരൂർ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഇനിയും നല്ല വാക്ക് പറയാൻ സാധിക്കണമെന്നും കേരളത്തിലെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പറയാൻ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ശശി തരൂർ പറഞ്ഞു.

നേരത്തെ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങളിൽ കേരള മോഡൽ ചർച്ചയായി. നിരവധി ദേശീയ മാധ്യമങ്ങളിലും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് വിലയിരുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.