കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് പി.സി.തോമസ് എൻഡിഎ വിട്ടു. എൻഡിഎ വിട്ടുവരുന്ന പി.സി.തോമസിനെ ഒപ്പം ചേർക്കാനാണ് പി.ജെ.ജോസഫിന്റെ തീരുമാനം. ലയനം ഇന്ന് ഉണ്ടായേക്കും. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ പി.സി.തോമസ് പങ്കെടുക്കും.
പി.ജെ.ജോസഫിന്റെ നിർദേശ പ്രകാരം രണ്ട് പ്രമുഖ നേതാക്കളാണ് ലയനത്തിന് നേതൃത്വം നൽകുന്നത്. ഇതോടെ പി.ജെ.ജോസഫിന്റെ പാർട്ടിക്ക് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കും. പി.ജെ.ജോസഫ് ചെയർമാനും പി.സി.തോമസ് ഡെപ്യൂട്ടി ചെയർമാനുമാകും. മോൻസ് ജോസഫിന് വൈസ് ചെയർമാൻ സ്ഥാനവും നൽകും.
ലയിച്ചതിനുശേഷം പാര്‍ട്ടിക്ക് പുതിയ പേര് നല്‍കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ചെണ്ട ചിഹ്നം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി.ജെ.ജോസഫ് തന്നെയായിരിക്കും ചെയര്‍മാന്‍. പി.സി.തോമസിനും ഇതിനോടു യോജിപ്പാണെന്നാണ് വിവരം. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനമാണ് പി.സി.തോമസിന്റെ ആവശ്യം.
Read More: ശബരിമല നിലപാടിൽ മാറ്റമില്ല, ജയിച്ചാൽ പിണറായി തന്നെ മുഖ്യൻ: യെച്ചൂരി
കേരളാ കോൺഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് പി.ജെ.ജോസഫ് ചർച്ചകൾ ആരംഭിച്ചത്.
എന്നാൽ ഇനി പുതിയൊരു പാർട്ടി രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കും. രജിസ്‌ട്രേഷൻ നടപടികൾക്കുൾപ്പെടെ കാലതാമസം വരും. പി.ജെ.ജോസഫിന്റെ പത്ത് സ്ഥാനാർഥികളാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ചിഹ്നമില്ലാത്തതിനെ തുടർന്നാണ് നിലവിൽ കേരളാ കോൺഗ്രസ് തോമസ് പക്ഷവുമായി പി.ജെ.ജോസഫ് ചർച്ച നടത്തുന്നത്. ഒരൊറ്റ ചിഹ്നം പാർട്ടിക്ക് ലഭിക്കുകയാണ് ലക്ഷ്യം.