കോട്ടയം: പാലാ സീറ്റിലെ സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ ജോസ് കെ.മാണിക്ക് വഴങ്ങി പി.ജെ.ജോസഫ്. ജോസ് കെ.മാണി തീരുമാനിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന തരത്തിലാണ് പി.ജെ.ജോസഫ് പ്രതികരിക്കുന്നത്. യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് പറഞ്ഞു. പാലായിലെ ജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയാണ് പി.ജെ.ജോസഫ് ഇപ്പോള്‍. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് വ്യക്തമാക്കി.
അതേസമയം, രണ്ടില ചിഹ്നത്തിൽ ആശങ്ക നിലനിൽക്കുകയാണ്. കോടതിയിൽ കേസ് നടക്കുന്നതിനാൽ രണ്ടില ചിഹ്നത്തിന് സാങ്കേതിക പ്രശ്നമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. പി.ജെ.ജോസഫും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടില ചിഹ്നത്തിലേ യുഡിഎഫ് മത്സരിക്കൂ എന്ന നിർബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചിഹ്നത്തിൽ ആശങ്ക നിലനിൽക്കുന്നതായി ജോസ് കെ.മാണിയും സമ്മതിക്കുന്നു.
Read Also: ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രഭാവതിയമ്മയുടെ പോരാട്ടം സിനിമയാകുമ്പോള്‍
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമോ എന്ന ചോദ്യത്തിനു ‘വിജയത്തിനായി ശ്രമിക്കും’ എന്ന് മാത്രമാണ് പി.ജെ.ജോസഫ് നേരത്തെ മറുപടി നല്‍കിയത്. വിജയസാധ്യത നോക്കാതെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കുമെന്നും എന്നാല്‍, വിജയസാധ്യത പരിഗണിക്കാതെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതെന്നും പി.ജെ.ജോസഫ് പക്ഷം ആരോപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രതികരണം ജോസ് കെ.മാണിക്കും പ്രതീക്ഷ നൽകുന്നതാണ്.
ജോസ് കെ.മാണി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം നൽകാൻ പി.ജെ.ജോസഫ് തയ്യാറല്ല. അതിനാലാണ് ചിഹ്നം ഏതായാലും മത്സരിക്കുമെന്ന തരത്തിൽ യുഡിഎഫും നിലപാടെടുത്തത്. രണ്ടില ചിഹ്നത്തിലല്ലെങ്കിലും മത്സരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥിയും പറഞ്ഞിരുന്നു.
Read Also: സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നുവെന്ന് പിജെ ജോസഫ്; ചിഹ്നത്തില്‍ തര്‍ക്കം ബാക്കി
ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള ഭിന്നത തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നാണ് കേരളാ കോൺഗ്രസ് കണക്കുകൂട്ടുന്നത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എൻഡിഎ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചാൽ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വ്യക്തത ലഭിക്കും.